ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന സലാര്‍ തിയറ്ററുകളില്‍ എത്തി. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്ന ആവേശത്തിലാണ് മലയാളികള്‍. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ആദ്യം ലഭിക്കുന്നത്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പൃഥ്വിരാജും സംവിധായകന് പ്രശാന്ത് നീലും പ്രഭാസും പങ്കെടുത്ത അഭിമുഖം ശ്രദ്ധേയമാകുകയാണ്. രാജമൗലിയായിരുന്നു അവതാരകന്. പൃഥ്വിരാജ് വെറുമൊരു നടന് മാത്രമല്ല ഒരു സൂപ്പര്‍സ്റ്റാറും, ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ ചെയ്യുന്ന താരവും കൂടിയാണെന്ന് പ്രഭാസ് പറയുന്നു. നമ്മുടെ രാജ്യത്തിന് ഒരേയൊരു പൃഥ്വിരാജ് മാത്രമാണ് ഉള്ളതെന്നും ബഹുമുഖ പ്രതിഭയാണ് അദ്ദേഹമെന്നും പ്രഭാസ് പറഞ്ഞു.
നമ്മുടെ രാജ്യത്തിന് ഒരേയൊരു പൃഥ്വിരാജേ ഉള്ളൂ. വെറുമൊരു നടന് മാത്രമല്ല അദ്ദേഹം ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ ചെയ്യുന്ന ഒരു സൂപ്പര്‍സ്റ്റാര്‍ കൂടിയാണ്. പൃഥ്വിരാജ് ഒരുപാട് കാര്യങ്ങള്‍ ഏറെ പ്രഫഷനലായി ചെയ്യാന്‍ കഴിയുന്ന ആളാണ്. ഹിന്ദിയില്‍ സാഹോയും രാധേശ്യാമും ചെയ്തപ്പോള്‍ അത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ഹിന്ദി സിനിമയും തമിഴ് സിനിമയും കാണാറുണ്ട് എന്നിട്ടുപോലും എനിക്ക് ഹിന്ദി ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നി. പക്ഷേ പൃഥ്വിരാജ് ആദ്യമായാണ് തെലുങ്ക് സിനിമ ചെയ്യുന്നത്.
ഷൂട്ടിങ്ങിനിടെ അവസാന നിമിഷം പ്രശാന്ത് ഡയലോഗില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ ഞാന്‍ ചോദിക്കും സാര്‍ അവസാന നിമിഷം ഇത് മാറ്റിയാല്‍ എങ്ങനെ ശരിയാകും. പക്ഷേ പൃഥ്വിരാജ് അങ്ങനെ ചോദിക്കുന്നതേ ഞാന്‍ കണ്ടിട്ടില്ല. ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെ അദ്ദേഹം എപ്പോഴും കൂളായിരുന്നു. ഞാന്‍ യഥാര്‍ഥത്തില്‍ പൃഥ്വിരാജുമായി പ്രണയത്തിലായി. സിനിമയിലെ നായികയായ ശ്രുതിയേക്കാള്‍ ഞാന്‍ പ്രണയിച്ചത് പൃഥ്വിരാജിനെയാണ്. അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറിയ ദേഷ്യം പോലും ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല.
ഹൊംബാലെ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുന്നത് പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍സാണ്. ഒ.ടി.ടി റൈറ്റ്സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നത് ഒരു റെക്കോര്‍ഡുമാണ്.