നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കും ഭര്‍ത്താവ് സാം ബോംബയ്ക്കുമെതിരെ മാനനഷ്ടകേസുമായി യുവാവ് രംഗത്ത്. ഫൈസന്‍ അന്‍സാരിയെന്ന യുവാവാണ് ഇരുവര്‍ക്കുമെതിരെ 100 കോടിയുടെ നഷ്ടപരിഹാരത്തിനായി മാനനഷ്ടകേസിന് കാണ്‍പൂര്‍ പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.
നടിയുടെ വ്യാജമരണവാര്‍ത്തയുമായി ബന്ധപ്പെട്ടാണ് കേസ്. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിതയായി പൂനം മരിച്ചെന്ന വാര്‍ത്ത അനേകം ആരാധകരുടെ സങ്കടത്തിന് കാരണമായെന്നും കാന്‍സര്‍ പോലൊരു മാരകരോഗത്തെ തമാശയായി ചിത്രീകരിച്ചെന്നും ആരോപിച്ചാണ് യുവാവ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ഈ മാസം രണ്ടിനാണ് പൂനം കാന്‍സര്‍ ബാധിച്ച് മരിച്ചെന്ന വ്യാജ വാര്‍ത്ത പുറത്തുവന്നത്. താരത്തിന്റെ മരണവിവരം ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിരുന്നതും ശ്രദ്ധേയമായിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് പൂനം ഏറെ നാളുകളായി ചികിത്സയിലായിരുന്നുവെന്നായിരുന്നു പങ്കുവച്ച പോസ്റ്റിലുണ്ടായിരുന്നത്. നിരവധി ആരാധകരാണ് നടിയുടെ മരണത്തില്‍ പ്രതികരണവുമായി എത്തിയത്. അതേസമയം, പൂനത്തിന്റെ മരണവാര്‍ത്തയില്‍ ദൂരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ താന്‍ മരിച്ചിട്ടില്ലെന്ന പോസ്റ്റുമായി പൂനം സോഷ്യല്‍മീഡിയയില്‍ എത്തുകയായിരുന്നു. സെര്‍വിക്കല്‍ കാന്‍സര്‍എന്ന മാരകരോഗത്തെക്കുറിച്ച് അവബോധം നല്‍കുന്നതിനായാണ് മരണവാര്‍ത്ത വ്യാജമായി സൃഷ്ടിച്ചതെന്നാണ് താരം വിശദീകരിച്ചത്. 'മരണവാര്‍ത്തയില്‍ വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നു. നമ്മള്‍ വലിയ രീതിയില്‍ ശ്രദ്ധ നല്‍കാത്ത സെര്‍വിക്കല്‍ കാന്‍സര്‍ എന്ന വിഷയത്തെക്കുറിച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യുക എന്നതായിരുന്നു മരണവാര്‍ത്തകളിലൂടെ എന്റെ ഉദ്ദേശം. ഞാന്‍ എന്റെ മരണം വ്യാജമായി സൃഷ്ടിക്കുകയായിരുന്നു'- പൂനം പങ്കുവച്ച വീഡിയോ പോസ്റ്റില്‍ പറഞ്ഞു.
2013ല്‍ പുറത്തിറങ്ങിയ നാഷാ എന്ന ബോളിവുഡ് ചലച്ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പൂനമായിരുന്നു. ഈ ചിത്രത്തിലെ പുനത്തന്റെ അഭിനയത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററില്‍ താരം അര്‍ദ്ധനഗ്‌നയായി പ്രത്യക്ഷപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ചിത്രത്തിനെതിരെ ശിവസേന ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.