സംസ്ഥാന എക്‌സൈസ് വകുപ്പ് ചുമത്തിയ കേസിന് പിന്നാലെ തിയേറ്ററില്‍ നിന്നും പിന്‍വലിച്ച നല്ല സമയം എന്ന സിനിമയ്ക്ക് ശേഷം പുതിയ ചിത്രവുമായി ഒമര്‍ ലുലു. പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ബാഡ് ബോയ്‌സ് എന്നാണ് ഒമര്‍ ലുലുവിന്റെ അടുത്ത ചിത്രത്തിന്റെ പേര്. ചിത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
തന്റെ മുന്‍ ചിത്രങ്ങളായ ' ഹാപ്പി വെഡിങ്, ' ചങ്ക്സ്' പോലെ ഒരു മുഴുനീള എന്റര്‍ടെയ്നറായിരിക്കും പുതിയ ചിത്രമെന്ന് ഒമര്‍ ലുലു പറഞ്ഞു. നിരവധി പുതുമുഖ താരങ്ങള്‍ക്ക് പുതിയ സിനിമയില്‍ അവസരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇര്‍ഷാദ് ആയിരുന്നു നല്ല സമയത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ, ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ബാബു ആന്റണി നായകനാകുന്ന ' പവര്‍ സ്റ്റാര്‍' എന്ന സിനിമയും ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നുണ്ട്. അന്തരിച്ച തിരക്കഥാകൃത്ത് ഡെനീസ് ജോസഫാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചത്.