കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് എ.ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് ഒമര്‍ ലുലുവിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റുണ്ടായാല്‍ 50,000 രൂപയുടെ രണ്ടാള്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി വിശദമായ വാദത്തിനായി ജൂണ്‍ ആറിലേക്ക് മാറ്റി.
യുവ നടിയുടെ പരാതിയിലാണ് ഒമര്‍ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
സിനിമയില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്തു നെടുമ്പാശേരിയിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണു നടി പാലാരിവട്ടം സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. പലാരിവട്ടം പൊലീസാണ് പരാതി നെടുമ്പാശ്ശേരിയിലേക്ക് കൈമാറിയത്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്നതു നെടുമ്പാശേരിയിലെ ഹോട്ടലിലായതിനാല്‍ പരാതി നെടുമ്പാശേരി പൊലീസിനു കൈമാറിയത്. പരാതിക്കാരി സുഹൃത്താണെന്നും സിനിമയില്‍ വിചാരിച്ച പോലെ അവസരം ലഭിക്കാതിരുന്നതിന്റെ വൈരാഗ്യമാണു പരാതിക്കു കാരണമെന്നും ഒമര്‍ ലുലു പ്രതികരിച്ചിരുന്നു. നെടുമ്പാശ്ശേരിയിലെ രണ്ട് ഹോട്ടലുകളില്‍വെച്ച് പീഡിപ്പിച്ചതായി പരാതിയിലുണ്ട്.
കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ യുവനടിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. തിങ്കളാഴ്ചയാണ് പൊലീസ് കേസെടുത്തത്. നെടുമ്പാശ്ശേരി പൊലീസ് ഒമര്‍ ലുലുവിനെ ചോദ്യംചെയ്യും. ആരോപണം വ്യക്തിവിരോധംമൂലമാണെന്ന് ഒമര്‍ ലുലു. നടിയുമായി അടുത്തസൗഹൃദം ഉണ്ടായിരുന്നു. സൗഹൃദം ഉപേക്ഷിച്ചതിന്റെ വിരോധമാണ് പരാതിക്കു പിന്നില്‍. ആറുമാസമായി ഞങ്ങള്‍ തമ്മില്‍ ബന്ധമില്ല. പുതിയ സിനിമ തുടങ്ങിയപ്പോഴാണ് പരാതിയുമായി രംഗത്തുവന്നതെന്നും ഒമര്‍ ലുലു പറഞ്ഞു. ഈ വാദം തന്നെയാണ് ഹൈക്കോടതിയിലും ഒമര്‍ ലുലു അവതരിപ്പിച്ചത്.
ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. ബാഡ് ബോയ്‌സ് എന്ന സിനിമയാണ് ഒമര്‍ ലുലു ഇപ്പോള്‍ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്നത്. റഹ്മാനാണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാര്‍ ലവ് തുടങ്ങിയവയാണ് ഒമര്‍ ലുലുവിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. നല്ല സമയം എന്ന ചിത്രം വിവാദമായിരുന്നു.
സിനിമയിലൂടെ എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായി വ്യക്തമാക്കി കോഴിക്കോട് എക്‌സൈസ് കേസെടുത്തിരുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ തിയേറ്ററുകളില്‍ നിന്നു സിനിമ പിന്‍വലിക്കപ്പെട്ടു. പുതിയ സിനിമയുടെ ചിത്രീകരണത്തില്‍ തന്നെ ഇപ്പോള്‍ വിവാദമുണ്ടാകുകയും ചെയ്യുന്നു.