റിലീസിന് രണ്ടു ദിവസം ബാക്കി നില്‍ക്കെ മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'നേര്' ന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഹൈക്കോടതിയില്‍. എഴുത്തുകാരന്‍ ദീപക് ഉണ്ണിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സംവിധായകന്‍ ജീത്തു ജോസഫും സിനിമയുടെ സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ കഥ മോഷ്ടിച്ചു എന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
49 പേജ് അടങ്ങിയ ഇമോഷണല്‍ കോര്‍ട്ട് ഡ്രാമ പ്രമേയമായ തന്റെ കഥാതന്തുവിന്റെ പകര്‍പ്പ് ശാന്തി മായാദേവിയും സംവിധായകന്‍ ജീത്തു ജോസഫും കൂടെയുള്ളപ്പോള്‍ 3 വര്‍ഷം മുന്‍പ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ നിര്‍ബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും കഥാകാരന്‍ ഹര്‍ജിയില്‍ പറയുന്നു.
നേര് സിനിമയുടെ സഹ നിര്‍മ്മാതാക്കള്‍ മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരേയും ഹര്‍ജിയില്‍ എതിര്‍ കക്ഷികളാക്കിയിട്ടുണ്ട്. അഡ്വക്കേറ്റ് ബിഎ ആളൂര്‍ മുഖേനയാണ് ദീപക് ഉണ്ണി ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നേര്' . വലിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിഭാഷകന്റെ കുപ്പായമിടുന്ന ചിത്രമാണിത്. ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ സിനിമ കൂടിയാണ് നേര്.
സിനിമയുടെ ഓണ്‍ലൈന്‍ ബുക്കിങ്ങ് അടക്കം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.