വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥയായ നീലവെളിച്ചം ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നീലവെളിച്ചം'. ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ അടുത്ത മാസം 21-ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ഒരു ദിവസം മുന്നേ, അതായത് ഏപ്രില്‍ 20-ന് ഈദ് ദിനത്തില്‍ റിലീസിനൊരുങ്ങു കയാണ്. സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ 'ഭാര്‍ഗവീനിലയം' റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പുനരാവിഷ്‌ക്കാരം ഒരുങ്ങുന്നത്. 1964ല്‍ ആയിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗവീനിലയം വന്നത്.
ആഷിഖ് അബു ഒരുക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്.
ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്‌നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.