വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചലച്ചിത്രത്തിലെ റിമ കല്ലിംഗലിന്റെ കഥാപാത്ര ചിത്രം പുറത്തിറങ്ങി. ഭാര്‍ഗവിയായി വേഷമിടുന്ന റിമ നൃത്ത ചുവടുമായി നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്.
പാവാടയും ബ്ലൗസും ധരിച്ച് 80കളിലെ മലയാള സിനിമയിലെ പാട്ടിലെ നായികമാരെ പോലെയാണ് റിമ പോസ്റ്ററില്‍ പോസ് ചെയ്തിരിക്കുന്നത്. പഴയ പാട്ടുകളിലേതു പോലെയുള്ള സെറ്റും പശ്ചാത്തലമായി കാണാം.നേരത്തെ ടൊവിനോയുടെ പോസ്റ്ററും പുറത്ത് വന്നിരുന്നു. വെളിച്ചമില്ലാത്ത ഭാര്‍ഗവിനിലയത്തിലേക്ക് എത്തുന്ന യുവ നോവലിസ്റ്റായ ടൊവിനോയെ ആണ് പോസ്റ്ററില്‍ കാണുന്നത്. വാതിലിന് മുകളില്‍ നീലവെളിച്ചവും കാണാം.
തലശേരിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന നീലവെളിച്ചം ഡിസംബറില്‍ റിലീസ് ചെയ്യും. ടൊവിനോ തോമസ് ആണ് നായകകഥാപാത്രമായ ബഷീറിന്റെ വേഷം അവതരിപ്പിക്കുന്നത്. 1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് സംവിധാനം ചെയ്ത് മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് 'നീലവെളിച്ചം'.
ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സൈജു ശ്രീധരനാണ്. ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്ന് സംഗീതം നല്‍കുന്നു. മായാനദി,വൈറസ്,നാരദന്‍ എന്നി ചിത്രങ്ങള്‍ക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന സിനിമ കൂടിയാണ് നീലവെളിച്ചം.പി ആര്‍ ഒ-എ എസ് ദിനേശ്.