നവ്യാ നായരെന്നാല്‍ മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ കുട്ടിയാണ്. അഭിനയം നിര്‍ത്തി കുടുംബജീവിതത്തിലേക്കും അതിനു ശേഷം മികച്ച ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തുകയും അതിനിടയിലും നൃത്തവും കുടുംബജീവിതവും എല്ലാം മനോഹരമായി മുന്നോട്ടു കൊണ്ടു പോകുന്ന നടി എന്ന നിലയ്ക്ക് നവ്യയ്ക്ക് ഏറെ ജനപ്രീതി സ്വന്തമാക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി മലയാളികള്‍ നവ്യയെ കുറിച്ച് കേള്‍ക്കുന്നത് ഒരിക്കലും വിശ്വസിക്കാനാകാത്ത കാര്യങ്ങളാണ്. അനധികൃത സ്വത്ത് സമ്പാദനകേസില്‍ മുംബൈയില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി നവ്യയ്ക്കുള്ള സുഹൃദ് ബന്ധമാണ് ഇപ്പോള്‍ വളരെ മോശമായ രീതിയില്‍ പ്രചരിക്കുന്നത്.
നവ്യയും സച്ചിന്‍ സാവന്തും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് അയാളുടെ വാട്സാപ്പ് ചാറ്റില്‍ നിന്നും ലഭിച്ചതോടെ നവ്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയായിരുന്നു. ഇപ്പോഴിതാ, നവ്യയുടെ കുടുംബം അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. മുംബൈയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്നയിടത്ത് സച്ചിന്‍ സാവന്തുമായി ഒരേ റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്നതാണ് പരിചയമെന്നും ഗുരുവായൂര്‍ സന്ദര്‍ശനത്തിനു വേണ്ടി സാവന്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ടെന്നുമാണ് നവ്യയുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയത്. നവ്യയുടെ മകന്‍ സായിയുടെ പിറന്നാളിന് സമ്മാനം നല്‍കിയതല്ലാതെ നവ്യക്ക് സമ്മാനങ്ങള്‍ ഒന്നും കൊടുത്തിട്ടില്ല. ഇഡിയോടും ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി. മറിച്ചുള്ള കാര്യങ്ങളില്‍ അറിവില്ലെന്നുമാണ് മാതാപിതാക്കള്‍ വ്യക്തമാക്കിയത്.
അതേസമയം, സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായാണ് ഇഡി കുറ്റപത്രത്തില്‍ പറയുന്നത്. ഇരുവരുടേയും ഫോണ്‍ വിവരങ്ങളടക്കം ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. എന്നാല്‍, തങ്ങള്‍ പരിചയക്കാര്‍ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി വ്യക്തമാക്കിയതായാണ് വിവരം. സച്ചിന്‍ സാവന്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, അനധികൃത സ്വത്ത് സമ്പാദന കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ട്. ഈ കേസില്‍ ഇഡി കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്.
ജൂണില്‍ അറസ്റ്റിലായ സാവന്തിന് എതിരായ കേസില്‍ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നടി നവ്യ നായര്‍ക്കെതിരെ പരാമര്‍ശങ്ങളുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരും തമ്മിലുള്ള പണമിടപാട് മനസിലാക്കാന്‍ നവ്യയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി. ഈ മൊഴിയും കുറ്റപത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. മലയാള നടിയെ കൂടാതെ സാവന്തിന്റെ മറ്റൊരു സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാവന്ത് നടിക്ക് ആഭരണങ്ങള്‍ ഉള്‍പ്പെടെ ചില സമ്മാനങ്ങള്‍ നല്‍കിയതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സമ്മാനങ്ങളുടെയും ആഭരണങ്ങളുടെയും വിശദാംശങ്ങളും ഇഡി പരിശോധിച്ചുവരികയാണ്. ഈ കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും സമ്മാനങ്ങള്‍ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന് അറിയാനുമാണ് ഇഡിയുടെ ശ്രമം. അതേസമയം നവ്യയും സാവന്തും അടുത്ത സഹൃത്തുക്കളായിരുന്നു എന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. താരത്തെ കാണാന്‍ സാവന്ത് 8-10 തവണ കൊച്ചിയില്‍ എത്തിയിട്ടുണ്ട് എന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
ഇവരുടെ വാട്സാപ്പ് ചാറ്റുകള്‍ അടക്കം പരിശോധിച്ച ശേഷമായിരുന്നു നടിയെ ചോദ്യം ചെയ്യലിനാണ് വിളിപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെ സച്ചിന്‍ സാവന്തിന്റെ മൊബൈല്‍ ഡാറ്റ, ചാറ്റുകള്‍ എന്നിവ ശേഖരിച്ചപ്പോഴാണ് താരവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ട് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറായ സച്ചിന്‍ സാവന്തിനെ ജൂണ്‍ 27-ന് ലഖ്‌നൗവില്‍ വച്ചാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്. സാവന്ത് മുമ്പ് ഇഡി മുംബൈ സോണ്‍ 2-ല്‍ ഡെപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലയളവില്‍ സച്ചിന്‍ തന്റെ അറിയപ്പെടുന്നതും നിയമപരവുമായ വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
തുടര്‍ന്ന് ബിനാമി സ്വത്തുക്കള്‍, സ്ഥാപനങ്ങള്‍, അദ്ദേഹത്തിന്റെ സാമ്പത്തികവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഇഡി അന്വേഷണം. ഏകദേശം 1.25 കോടി രൂപയുടെ നിക്ഷേപം സ്രോതസ് വെളിപ്പെടുത്താനാകാത്ത രീതിയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഈ നിക്ഷേപങ്ങള്‍ ഒരു ഡമ്മി കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതെന്നും കണ്ടെത്തി. അദ്ദേഹത്തിന്റെ പിതാവും ഭാര്യാ സഹോദരനും ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേരിലായിരുന്നു സ്വത്ത് സമ്പാദനം.
പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള ഫണ്ടുകള്‍ വ്യക്തിഗത വായ്പകളായും മറ്റ് ബാങ്ക് വായ്പകളുമായിട്ടാണ് കാണിച്ചിരുന്നത്. ഡമ്മി കമ്പനിയുടെ പേരിലാണെങ്കിലും, നവി മുംബൈയിലാണ് ഒരു ഫ്ളാറ്റ് സ്ഥിതി ചെയ്തിരുന്നത്. സച്ചിന്‍ സാവന്ത് ഇതിന്റെ യഥാര്‍ത്ഥ ഉടമയെന്നും ഇഡി കണ്ടെത്തി. ഒരു സുഹൃത്തിന്റെ പേരില്‍ ബിഎംഡബ്ല്യു കാര്‍ വാങ്ങിയെന്ന ആരോപണവും ഏജന്‍സി അന്വേഷിക്കുന്നുണ്ട്.