ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ കപിൽ ദേവിന്റെ ജീവിതവും 1983 ലെ ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേട്ടവും ഇതിവൃത്തമായ ബോളിവുഡ് ചിത്രം 83 യുടെ പ്രമോഷനായി കൊച്ചിയിലെത്തി രൺവീർ സിംഗും കപിൽദേവും. നടൻ പൃഥ്വിരാജും പരിപാടിയിൽ പങ്കെടുത്തു.
പൃഥ്വിരാജിന്റെ നിർമ്മാണകമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്.
കൊച്ചിയിൽ നടന്ന പ്രെമോഷൻ ചടങ്ങിൽ ക്രിക്കറ്റ് ഇതിഹാസം കപിൽദേവിനും ചിത്രത്തിലെ നായകനായ രൺവീർ സിംഗിനുമൊപ്പം മറ്റ് അണിയറപ്രവർത്തകരും എത്തിയിരുന്നു. കബീർ ഖാനാണ് ചിത്രത്തിന്റെ സംവിധായകൻ. രൺവീർ സിങ് ഇന്ത്യൻ ക്രിക്കറ്റ് നായകൻ കപിൽ ദേവിനെയാണ് അവതരിപ്പിക്കുന്നത്. ഡിസംബർ ഇരുപത്തിനാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. .ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്.
ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. പങ്കജ് ത്രിപാഠി, ബൊമൻ ഇറാനി, സാക്വിബ് സലിം, ഹാർഡി സന്ധു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.