സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാലും സത്യന് അന്തിക്കാടും വീണ്ടും ഒരുമിക്കുന്നു. ജയറാം - മീര ജാസ്മിന് ചിത്രം മകള്ക്കുശേഷം സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലുമായി ഒരുമിക്കുന്നത്. തന്റെ അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പമായിരിക്കുമെന്ന് പിറന്നാള്‍ ദിനത്തില്‍ ആണ് അദ്ദേഹം പ്രഖ്യാപിച്ചത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആകും സിനിമ നിര്‍മ്മിക്കുക. സിനിമയുടെ തിരക്കഥ എഴുത്തിലേക്ക് കടന്നെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നാണ് സത്യന് അന്തിക്കാടിന്റെ പ്രതികരണം.
ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. സത്യന് അന്തിക്കാട് സിനിമകളില്‍ സാധാരണക്കാരനായി ഏറെ തിളങ്ങുന്ന മോഹന്‍ലാല്‍ വീണ്ടും അത്തരം കഥാപാത്രമായി എത്തുന്നു എന്നതാണ് പ്രത്യേകത. സാധാരണക്കാരന്റെ ജീവിതഗന്ധിയായ കഥയാണ് ചിത്രം പറയുന്നതെന്ന് സത്യന് അന്തിക്കാട്.വന്‍താരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്.
ടി.പി. ബാലഗോപാലന് എം.എ, സന്മനസുള്ളവര്ക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയവയാണ് മോഹന്‍ലാല്‍, സത്യന് അന്തിക്കാട് കൂട്ടുകെട്ടിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍. 2015ല്‍ എന്നും എപ്പോഴും എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും അവസാനം ഒരുമിച്ചത്. മഞ്ജു വാര്യരായിരുന്നു നായിക.അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ അടുത്ത ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും.