ബംഗാളി നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു; വിടവാങ്ങിയത് ലോകസിനിമയിലെ ക്ലാസിക്കുകളിലൊന്നായ പഥേര്‍ പാഞ്ചാലിയിലെ ദുര്‍ഗ്ഗയെ അനശ്വരമാക്കിയ താരം; മരണം കൊല്‍ക്കത്തയില്‍ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ; ആദരാഞ്ജലികളുമായി പ്രമുഖര്‍ 

Malayalilife
 ബംഗാളി നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു; വിടവാങ്ങിയത് ലോകസിനിമയിലെ ക്ലാസിക്കുകളിലൊന്നായ പഥേര്‍ പാഞ്ചാലിയിലെ ദുര്‍ഗ്ഗയെ അനശ്വരമാക്കിയ താരം; മരണം കൊല്‍ക്കത്തയില്‍ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ; ആദരാഞ്ജലികളുമായി പ്രമുഖര്‍ 

മികച്ച ലോക സിനിമകളുടെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ ചിത്രമാണ് 'പഥേര്‍ പാഞ്ചാലി'. സത്യജിത് റായ് സംവിധാനം ചെയ്ത ചിത്രത്തിലെ ദുര്‍ഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തയായ ബംഗാളി അഭിനേത്രി ഉമാ ദാസ്ഗുപ്ത (83) അന്തരിച്ചു. ഇന്ന് രാവിലെ 8.15 ന് കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അര്‍ബുദ ബാധിതയായിരുന്നു ഉമ. 

നടന്‍ ചിരഞ്ജീത് ചക്രവര്‍ത്തിയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. ഉമാ ദാസ് ഗുപ്തയുടെ മകളില്‍ നിന്നാണ് തനിക്ക് വാര്‍ത്ത ലഭിച്ചതെന്ന് ചിരഞ്ജിത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 14-ാം വയസ്സിലാണ് ബിഭൂതിഭൂഷന്‍ ബന്ദ്യോപാധ്യായയുടെ നോവലില്‍ നിന്ന് രൂപപ്പെടുത്തിയ പഥേര്‍ പാഞ്ചാലിയില്‍ ഉമ ദുര്‍ഗ്ഗയെന്ന കഥാപാത്രമായെത്തുന്നത്. ഉമാ ദാസ് ഗുപ്തയെ കൂടാതെ, സുബിര്‍ ബാനര്‍ജി, കനു ബാനര്‍ജി, കരുണ ബാനര്‍ജി, പിനാകി സെന്‍ഗുപ്ത, ചുനിബാല ദേവി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തി. എന്നാല്‍ പഥേര്‍ പാഞ്ചാലിക്ക് ശേഷം ഉമാ ദാസ് ഗുപ്ത മുഖ്യധാരാ സിനിമയിലേക്ക് എത്തിയില്ല. 

സ്‌കൂള്‍ ചടങ്ങില്‍ ബാലതാരമായി നടത്തിയ സ്റ്റേജ് പ്രകടനത്തിനിടെയാണ് ഉമയെ സത്യജിത് റായ് ശ്രദ്ധിക്കുന്നത്. തുടര്‍ന്നാണ് ഉമ പഥേര്‍ പാഞ്ചാലിയിലെത്തുന്നത്. ചിത്രത്തിലെ ഉമയുടെ പ്രകടനം വളരെയേറെ പ്രശംസിക്കപ്പെട്ടു. കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന ഉമ ദാസ് ഗുപ്ത ചെറുപ്പം മുതലേ നാടകരംഗത്ത് സജീവമായിരുന്നു. പഥേര്‍ പാഞ്ചാലിക്ക് പുറമെ കൗശിക് ഗാംഗുലിയുടെ അപൂര്‍ പാഞ്ചാലി (2015), ലോക്കി ചേലേ (2022) എന്നിവയിലും അവര്‍ അഭിനയിച്ചു. 

എന്നാല്‍ സിനിമയില്‍ നിന്നും വിട്ടു നിന്ന ഉമ അധ്യാപികയായി ജോലി ചെയ്തിരുന്നു. ഉമാ ദാസ് ഗുപ്തയ്ക്ക് ആദരാഞ്ജലികളുമായി നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും (ടിഎംസി) എംപിയും എഴുത്തുകാരനുമായ കുനാല്‍ ഘോഷ് നടിയുടെ വിയോഗം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കുവച്ചു. 'പഥേര്‍ പാഞ്ചാലിയിലെ ദുര്‍ഗ്ഗ യാത്രയായി' എന്നാണ് ഇദ്ദേഹം ബംഗാളിയില്‍ എഴുതിയ പോസ്റ്റില്‍ കുറിച്ചത്.

actress uma dasgupta passes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES