കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവച്ച പഴയ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ വിശദീകരണവുമായി നടി മാളവിക ശ്രീനാഥ്. കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മാളവികയുടെ പഴയ വീഡിയോ വീണ്ടും ശ്രദ്ധ നേടിയത്. എന്നാല്‍ ഇതിന് പിന്നാലെ താരം തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വരികയായിരുന്നു. ഇതൊരു പഴയ വീഡിയോ ആണെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നുമാണ് താരം ആവശ്യപ്പെടുന്നത്.
തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് നടത്തിയ ചില പ്രസ്താവനകള്‍ക്ക് ഇപ്പോഴത്തെ പ്രശ്‌നങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് നടി വ്യക്തമാക്കി . ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണെന്നും പലരും മുഴുവന്‍ അഭിമുഖം കണ്ടിട്ടില്ലെന്നും മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുപച്ച പോസ്റ്റില്‍ പറയുന്നു.
ആര്‍ക്കും യഥാര്‍ത്ഥ സംഭവത്തെക്കുറിച്ച് അറിയില്ലെന്നും പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അനുഭവമാണ് പങ്കുവച്ചതെന്നും മാളവിക പറയുന്നു. ഞാന്‍ സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് ആ സംഭവം നടന്നത്. അതില്‍ പങ്കെടുത്തവര്‍ക്ക് സിനിമയുമായി ഒരു ബന്ധവുമില്ല. അവര്‍ പണം തട്ടാന്‍ വേണ്ടി നടത്തിയ ഒരു വ്യാജ ഓഡിഷനായിരുന്നു അതെന്നും മാളവിക പറയുന്നു
മാളവികയുടെ വാക്കുകളിലേക്ക്...
ദയവായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്, പലരും മുഴുവന്‍ അഭിമുഖവും കണ്ടിട്ടില്ല, യഥാര്‍ത്ഥ സംഭവത്തെക്കുറിച്ച് അറിയുകയും ഇല്ല. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അനുഭവമാണ് പങ്കുവെച്ചത്, ഞാന്‍ സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ്. അതില്‍ പങ്കെടുത്തവര്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല, അവര്‍ പണം നേടാന്‍ വേണ്ടി നടത്തിയ ഫേക്ക് ഓഡിഷന്‍ ആയിരുന്നു
ഇപ്പോഴത്തെ പ്രശ്‌നനങ്ങളുമായി എന്റെ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ദയവായി ഈ ക്ലിപ്പ് ശ്രദ്ധ നേടാന്‍ വേണ്ടി ഷെയര്‍ ചെയ്യുന്നത് നിര്‍ത്തുക, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ എനിക്ക് യാതൊരു പങ്കുമില്ല.