വ്യക്തിജീവിതത്തിലെും പൊതുജീവിതത്തിലും ഒരുപോലെ വിവാദ നായകനായ നടൻ ജമിനി ഗണേശന്റെ ജീവിതം പ്രേമേയാമാക്കി വരുന്ന ചിത്രം. ജമിനി ഗണേശന്റെ കാമിനിയായി എത്തുന്നത് 1950കളിലും 60 കളിലും തെലുങ്ക് - തമിഴ് സിനിമകളിലെ മുൻ നിര നായികയായിരുന്നു സാവിത്രി.
എൻടി രാമറാവു, നാഗേശ്വരറാവു, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ തുടങ്ങിയ മുൻ നായക താരങ്ങളൊക്കെ സാവിത്രിയുടെ സൗകര്യമനുസരിച്ച് കാത്തു നില്ക്കുകയും ഷെഡ്യൂളുകൾ ക്രമീകരിക്കുകയും ചെയ്തിരുന്ന കാലം.ഊർജസ്വലമായ വ്യക്തിത്വവും അനായാസമായ അഭിനയശൈലിയും കൊണ്ട് സഹനടന്മാരെ പോലും അത്ഭുതപ്പെടുത്തി ഈ അഭിനേത്രി. ഈ നടിയുടെ സങ്കീർണ്ണമായ ജീവിതം ചലച്ചിത്രമാക്കിയ 'മഹാനടി'യെന്ന സിനിമയുമായി സംവിധായകൻ നാഗ് അശ്വിൻ പറയുമ്പോൾ ആദ്യം കീർത്തി സുരേഷിന് അമ്പരപ്പായിരുന്നു.
ഈ കഥാപാത്രം തന്നെക്കൊണ്ട് കഴിയില്ലെന്ന് പറഞ്ഞ് മാറിനിന്ന അവരെ നാഗ് അശ്വിനാണ് ആത്മവിശ്വാസം കൊടുത്തത്. എന്നാൽ ചിത്രം ഇറങ്ങിയപ്പോൾ എല്ലാവരും ഒറ്റശ്വാസത്തിൽ കീർത്തിയെ അഭിനന്ദിക്കയായിരുന്നു. ജെമിനിഗണേശനായി ദുൽഖർ സൽമാൻ തകർത്തപ്പോൾ പ്രണയിനിയായ സാവിത്രിയായി നിറഞ്ഞാടി. കൗമാര കാലം തൊട്ട് 45വയസ്സുവരെയുള്ള സാവിത്രിയുടെ വേഷത്തെ അനായാസമായി അവതരിപ്പിച്ചപ്പോൾ പലർക്കും ഇത് കീർത്തിയാണെന്ന് തിരിച്ചറിയാൽ പോലും കഴിഞ്ഞില്ല.
തീർത്തും വ്യത്യസ്തമായ ചിത്രമായിരുന്നു മഹാനടി. ജീവചരിത്ര സിനിമകളിൽ നിന്ന് പൊതുവേ പ്രതീക്ഷിക്കുന്ന റിയലിസ്റ്റിക് - ഡോക്യു-ഫിക്ഷൻ രീതിയിലല്ല ഈ സിനിമയുടെ ട്രീറ്റമെന്റ്. വാണിജ്യ സിനിമയുടെ ഫോർമാറ്റിൽ തന്നെയാണ് കഥയുടെ ഗതി വികാസം.
'മഹാനടി' അഥവാ 'നടികർ തിലകം' എന്ന ജീവചരിത്ര ചിത്രം'മഹാനടി സാവിത്രി'യുടെ സിനിമയ്ക്കകത്തേയും പുറത്തേയും സംഭവബഹുലമായ ജീവിതത്തെ അന്വേഷിക്കുന്നു. ഒരു ക്ലാസ്സിക് മെലോ ഡ്രാമക്ക് വേണ്ടുന്ന ചേരുവകളൊക്കെയുള്ള ജീവിതം അതേ ശൈലിയിൽ മനസ്സിൽ തട്ടുന്ന വിധമാണ് സംവിധായകൻ നാഗ് അശ്വിൻ ആവിഷ്‌കരിച്ചത്. സാവിത്രിയുടെ മാത്രം ഒറ്റപ്പെട്ട കഥയല്ലിത്. മീനാകുമാരി, മിസ്.കുമാരി, ശോഭ, സിൽക്ക് സ്മിത തുടങ്ങി തിരശ്ശീലയ്ക്ക് പുറത്ത് ദുഃഖപുത്രിമാരായി അകാലത്തിൽ അരങ്ങൊഴിഞ്ഞ അനവധി ജീവിതങ്ങളെ ഈ സിനിമ ഓർമിപ്പിക്കുന്നു.
മദ്രാസിലെ ജനറൽ ഹോസ്പിറ്റൽ വരാന്തയിൽ ആരാണെന്ന് തിരിച്ചറിയാതെ, ഒരു ശരീരമായി കിടത്തിയിരിക്കുന്ന സാവിത്രിയെ കാണിച്ചു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഏതാണ്ട് 6 വയസ്സ് പ്രായമുള്ള ഒരു ആൺകുട്ടി കൂടെയുണ്ട്. മാസങ്ങളായി 'കോമ' യിൽ കിടക്കുന്ന സാവിത്രിയമ്മയെ കുറിച്ച് സ്റ്റോറി ചെയ്യാൻ 'മധുവാണി' എന്ന പത്രപ്രവർത്തക നിയോഗിതയാവുന്ന 1980ലേക്ക് സിനിമ പെട്ടെന്ന് കട്ട് ചെയ്യുന്നു. മധുവാണിയും കൂടെയുള്ള ഫോട്ടോഗ്രാഫർ ആന്റണിയും നടത്തുന്ന അന്വേഷണങ്ങളും അവർക്കിടയിലെ സൗഹൃദവും പ്രണയവും സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതത്തിൽ നിന്ന് ഊർജം കൊണ്ടാണ് മുന്നോട്ട് നീങ്ങുന്നത്.
താൻ വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ അഛനാണെന്നും കൂടാതെ 'പുഷ്പവല്ലി' എന്ന സ്ത്രീയും തന്റെ ജീവിതത്തിലുണ്ട് എന്നും ജെമിനി ഗണേശൻ തുറന്നു പറഞ്ഞിട്ടും സാവിത്രി - ഗണേശൻ പ്രണയം മുന്നോട്ട് നീങ്ങുന്നു. കൗമാര കാലം തൊട്ട് 45വയസ്സുവരെയുള്ള സാവിത്രിയുടെ വേഷത്തെ അനായാസമായി അവതരിപ്പിച്ചു കൊണ്ട് കീർത്തി സുരേഷ് പ്രേക്ഷകനെ അമ്പരപ്പിക്കുന്നു. മുന്നു മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള സിനിമയിൽ രണ്ടര മണിക്കൂറും കീർത്തിയുടെ പ്രകടനമാണ്. സാവിത്രിയുടെ ചലനങ്ങൾ അനുകരിക്കുകയാണെന്ന തോന്നലില്ലാതെ തന്നെ കീർത്തി സ്‌ക്രീനിൽ ജീവിക്കുന്നു.
ജെമിനി ഗണേശനായി എത്തിയ ദുൽഖർ സൽമാൻ അതിസങ്കീർണമായ ഭാവങ്ങളെ പകർന്നാടിയിരിക്കുന്നു. സാവിത്രിയുമായുള്ള പ്രണയം തുറന്നു പറയുന്ന രംഗങ്ങൾ പൊതു സദാചാരത്തിന് എതിരാണെങ്കിലും പ്രേക്ഷകന് ബോധ്യമാവുന്നത് ദുൽഖറിന്റെ അഭിനയത്തിലെ ആത്മാർഥത കൊണ്ടാണ്. സാവിത്രിയിൽ നിന്ന് പതിയെ അകന്ന് മറ്റൊരു സ്ത്രീയെ തേടി പോകുകയും അത് സാവിത്രി കണ്ടു പിടിക്കുകയും ചെയ്യുന്ന ഏറ്റവും നിർണായകമായ മുഹൂർത്തത്തിൽ, തന്റെ പുരുഷ കാമനകളുടെ നിസഹായത ഏറ്റുപറയുന്ന ജെമിനി ഗണേശനും ദുൽഖറിലെ നടന്റെ റേഞ്ച് കാണിച്ചു തരുന്നു.
പക്ഷേ ചിത്രം സാമ്പത്തികമായി അത്ര വലിയ വിജയം ആയില്ല. എങ്കിലും ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സിനിമയാണിത്. കീർത്തിയുടെ അവാർഡോടെ ഈ ചിത്രവും ആദരിക്കപ്പെടുകയാണ്.