കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ നായകന്. നമ്മള് സിനിമയില്‍ കമലിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചാണ് ഷൈന്‍ ടോം ചാക്കോ വെള്ളിത്തിരയിലേക്ക് എത്തുന്നത്. കമലിനൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതാദ്യമായാണ് കമലിന്റെ സിനിമയില്‍ നായകനാവുന്നത്. കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രത്തില്‍ ബഷീര്‍ എന്ന കഥാപാത്രത്തെ ഷൈന്‍ അവതരിപ്പിച്ചിരുന്നു.
ഷെന്‍ നായകനാവുന്ന കമല്‍ ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ 15 ന് മൂവാറ്റുപുഴയില്‍ ആരംഭിക്കും. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം എന്നാണ് വിവരം, കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും. അതേസമയം അഭിനയ ജീവിതത്തിലെ മികച്ച യാത്രയിലാണ് ഷൈന്‍. കൊറോണ പേപ്പേഴ്സ്, അടി, നീലവെളിച്ചം, ലൈവ് എന്നീ ചിത്രങ്ങളാണ് ഷൈനിന്റേതായി അടുത്തിടെ റിലീസ് ചെയ്ത സിനിമകള്‍.
തമിഴിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ച ഷൈന്‍ നായകനായി മലയാളത്തില്‍ മൂന്നു ചിത്രങ്ങള്‍ കൂടി ഒരുങ്ങുന്നുണ്ട്. 2019 ല്‍ പുറത്തിറങ്ങിയ പ്രണയ മീനുകളുടെ കടല്‍ ആണ് കമലിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം. കവരത്തിയുടെ പശ്ചാത്തലത്തില്‍ പ്രണയകഥയാണ് ചിത്രം പറയുന്നത്.