മലയാള സിനിമ പ്രേമികൾ ഒരേ മനസ്സോടെ സ്വീകരിച്ച സിനിമയാണ് മേപ്പടിയാൻ. ആക്ഷൻ ഹീറോ പരിവേഷത്തിൽ നിന്നും നടൻ ഉണ്ണി മുകുന്ദൻ മാറി വേറിട്ട കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ കൂടിയാണ് ഇത്. ചിത്രത്തിൽ ജയകൃഷ്‍ണൻ എന്ന മെക്കാനിക്കായിട്ടാണ് ഉണ്ണി മുകുന്ദൻ എത്തിയത്. കഥാപാത്രത്തിനായി ശാരീരികമായ മേക്കോവറും നടത്തിയിരുന്നു ഉണ്ണി. മേപ്പടിയാനിലൂടെ മാധ്യമപ്രവർത്തകയായും വാർത്ത അവതാരകയായും മലയാളികൾക്ക് സുപരിചിതയായ ശ്രീജ ശ്യാമും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ചില സിനിമകളിൽ വാർത്ത അവതാരകയായി ശ്രീജ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു കഥാപാത്രത്തെ സിനിമയിൽ ശ്രീജ അവതരിപ്പിക്കുന്നത്.
മേപ്പടിയാൻ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ശ്രീജ ശ്യാം വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീജയുടെ കുറിപ്പിലൂടെ ...
'അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ ജീവിതം കടന്നുപോവുമ്പോൾ നിസ്സഹായനായി പോകുന്ന ജയകൃഷ്ണനെ നമ്മൾ ജീവിതത്തിൽ എവിടെയെങ്കിലും ഒക്കെ വെച്ച് കണ്ടിട്ടുണ്ടാവും. പക്ഷെ ആ ജയകൃഷ്ണനിൽ എവിടേയും നമുക്ക് ഉണ്ണി മുകുന്ദൻ എന്ന നടനെ കാണാൻ കഴിയുന്നില്ല എന്നതിൽ വിഷ്ണുവിനും ഉണ്ണിക്കും ഒരുപോലെ അഭിമാനിക്കാം. ജയകൃഷ്ണൻ മാത്രമല്ല ജയകൃഷ്ണനൊപ്പം എത്തിയ എല്ലാവരും നമുക്കെവിടെയൊക്കെയോ പരിചയമുള്ളവരാണ്. ആ കഥാപാത്രങ്ങളും കഥാപരിസരവുമായി അവസാനം വരെ ഉദ്വേഗം നിലനിർത്തി മുന്നോട്ട് പോകുന്നതിൽ വിഷ്ണു എന്ന തിരക്കഥാകൃത്തിനും വിജയിക്കാനായി എന്നതാണ് മേപ്പടിയാന്റെ മികവ്.
വെളിപ്പെടുത്തലുകളുടെ കാലത്ത് ഇരിക്കട്ടെ....എന്റെ വകയും ഒരെണ്ണം... സത്യത്തിൽ മേപ്പടിയാൻ ജയകൃഷ്ണൻ ജഡ്ജിയെ സദ്യ കൊടുത്താണ് സ്വാധീനിച്ചതെന്ന സത്യം ഞാൻ ഇതാ പുറത്തുവിടുന്നു... തമാശക്ക് അപ്പുറം, ഉണ്ണി മുകുന്ദൻ, വിഷ്ണു....സന്തോഷം... വളരെ ചെറിയ രീതിയിൽ ആണെങ്കിലും ഈ നല്ല ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ' ശ്രീജ കുറിച്ചു. നായകൻ ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രവും ശ്രീജ പങ്കുവെച്ചു.