രാജ്യാന്തര ചലച്ചിത്രമേള നാല് ദിവസം പിന്നിടുമ്പോള്‍ മലയാള ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യത. ഇരുപത്തഞ്ച് മലയാള ചിത്രങ്ങളാണ് വ്യത്യസ്ത വിഭാഗങ്ങളിലായി മേളയില്‍ ഇടംപിടിച്ചത്. മലയാളം സിനിമ ടുഡേ, ഹോമേജ്, റീസ്റ്റോര്‍ഡ് ക്ലാസിക്സ്, കാലിഡോസ്‌കോപ്പ് വിഭാഗങ്ങളിലാണ് പ്രദര്‍ശനം.
ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതലാണ് മേളയില്‍ പ്രേക്ഷകപ്രീതിയില്‍ മുന്നില്‍. ആനന്ദ് ഏകര്‍ഷിയുടെ ആട്ടവും മേളയിലെ ആകര്‍ഷക ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു കഴിഞ്ഞു . സ്വവര്‍ഗ്ഗാനുരാഗികളുടെ ജീവിതയാഥാര്‍ഥ്യങ്ങളും സങ്കീര്‍ണതകളും പങ്കുവെക്കുന്ന കാതല്‍ എന്ന ചിത്രം അണിയറപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് പ്രദര്‍ശിപ്പിച്ചത്.
എന്നാ്ല്‍ സിനിമക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഡെലിഗേറ്റുകളുടെ പ്രതിഷേധം നടത്തി.ഞായറാഴ്ച രാവിലെ 11.45ന് കൈരളി തിയറ്ററിലായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നിശ്ചയിച്ചിരുന്നത്.
റിസര്‍വേഷന്‍ ഇല്ലാത്ത 30 ശതമാനം സീറ്റുകളിലേക്ക് ആയിരക്കണക്കിന് ഡെലിഗേറ്റുകളാണ് തിയേറ്ററുകള്‍ക്ക് മുന്‍പില്‍ എത്തിയത്. അതുകൊണ്ട് തന്നെ വന്‍ തിരക്കാണ് ആദ്യ പ്രദര്‍ശനത്തിന് മുന്‍പെ ഉണ്ടായത്. കൂടാതെ സീറ്റ് ലഭിക്കാത്ത പ്രതിനിധികളും സംഘാടകരുമായി വാക്കുതര്‍ക്കമുണ്ടായി. ക്യൂ നിന്നവരില്‍ നിന്നും 30 ശതമാനം പേരെ പോലും തീയേറ്ററിനുള്ളിലേക്ക് കയറ്റിയില്ലെന്നാണ് തര്‍ക്കത്തിന് കാരണമായത്.
നേരത്തെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അവിടെയും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് എന്നാണ് കാതലിലെ മാത്യു ദേവസി എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ചിത്രത്തിന്റെ പ്രദര്‍ശനത്തിനുശേഷം പുറത്തിറങ്ങിയ കാതലിന്റെ അണിയറ പ്രവര്‍ത്തകരെയും സംവിധായകന്‍ ജിയോ ബേബിക്കും എല്‍.ജി.ബി.ടി.ഐ.ക്യു പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. കൈരളി തിയറ്ററിനു മുന്നില്‍ കേക്ക് മുറിച്ച് ചിത്രത്തിന്റെ വിജയം ആഘോഷമാക്കുകയും ചെയ്തു.