ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വീസ സ്വന്തമാക്കി നടി ഹണി റോസ്. ബിസിനസ് വാലെറ്റില്‍ യുഎസ്ബി ചിപ് അടങ്ങിയ വീസയാണ് ഹണിക്ക് ലഭിച്ചത്. ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് താരം വീസ ഏറ്റുവാങ്ങി. 10 വര്‍ഷത്തേക്കാണ് കാലാവധി.
തന്റെ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷം എന്നാണ് ഹണി അവസരത്തെ വിശേഷിപ്പിച്ചത്. ഇഖ്ബാലിനുള്ള നന്ദിയും ഹണി വേദിയില്‍ വച്ച് അറിയിച്ചു. ഇനി അച്ഛനും അമ്മയ്ക്കും ഒപ്പം ദുബായില്‍ കഴിയാം. എന്റെ സെക്കന്‍ഡ് ഹോം ആയി ഇപ്പോള്‍ ദുബായ് മാറിയെന്നും എന്നും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന രാജ്യമാണ് ഇതെന്നും ഹണി പ്രതികരിച്ചു.
വലിയ ഒരു അനുഗ്രഹം ആയി തോനുന്നു. ദുബായ് ഗവണ്‍മെന്റിന് നന്ദി പറയുന്നു. ഞാന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ തന്നെ അവരുടെ സ്‌നേഹം ഞാന്‍ അറിയുന്നതാണ്. ഒരുപക്ഷെ കേരളത്തില്‍ പോലും ഇത്രയധികം മലയാളികള്‍ ഉണ്ടോ എന്ന് സംശയമാണ്, എല്ലാവരും ഇവിടെ ആണോ എന്നുപോലും തോന്നിപോകും. ഇനി ഇടയ്ക്കിടെ എനിക്കും ഇങ്ങോട്ട് വരാമല്ലോ. എല്ലാ അര്‍ത്ഥത്തിലും സെക്കന്‍ഡ് ഹോം തന്നെ ആയി.
റേച്ചല്‍ എന്ന മൂവിയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും കൂടുതല്‍ ഉദ്ഘാടന വേദികളില്‍ പോകുന്നതിനക്കുറിച്ചും വേദിയില്‍ വച്ച് ഹണി പ്രതികരിച്ചു.
സിനിമയില്‍ വന്ന സമയം മുതലേ ഉദ്ഘാടനത്തിനുപോകുന്ന വ്യക്തിയാണ് ഞാന്‍. ചിലപ്പോള്‍ സോഷ്യല്‍മീഡിയ ഇപ്പോള്‍ ആക്റ്റീവ് ആയതുകൊണ്ടാകണം വളരെ പെട്ടെന്ന് ആളുകളിലേക്ക് എത്തുന്നത്- ഹണി പ്രതികരിച്ചു.
വ്യക്തികളുടെ എമിറേറ്റ്‌സ് ഐഡി, താമസ വീസ, പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകള്‍ എല്ലാം ഒറ്റ ബിസിനസ് വാലെറ്റില്‍ ലഭ്യമാകുമെന്നുള്ളതാണ് യുഎസ്ബി ചിപ് വീസയുടെ പ്രത്യേകത. നേരത്തെ പാസ്പോര്‍ട്ടില്‍ പതിച്ചു നല്‍കിയിരുന്ന വീസ പൂര്‍ണമായും നിര്‍ത്തലാക്കിയാണ് പുതിയ ഡിജിറ്റല്‍ ബിസിനസ് വാലെറ്റില്‍ ഗോള്‍ഡന്‍ വീസ ദുബായ് ഭരണകൂടം പുറത്തിറക്കിയത്.