ഐഎഫ്എഫ്കെയിലേക്ക് ഇനി സിനിമകള്‍ അയക്കില്ലെന്ന് സംവിധായകന്‍ ഡോ. ബിജു. ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയിലേക്ക് ബിജുവിന്റെ അദൃശ്യജാലകങ്ങള്‍ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് സംവിധായകന്‍ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് തന്റെ ചിത്രം പരിഗണിക്കേണ്ടെന്നും കേരളീയം മേളയില്‍ നിന്നും തന്റെ ചിത്രം ഒഴിവാക്കണമെന്നും ഡോ. ബിജു ആവശ്യപ്പെട്ടു.
എസ്റ്റോണിയയിലെ 27-ാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് അദൃശ്യജാലകങ്ങളുടെ ആദ്യ പ്രദര്‍ശനം നടക്കുന്നത്. ടൊവിനോ തോമസും നിമിഷ സജയനും വേഷമിടുന്ന സസ്‌പെന്‍സ് ത്രില്ലറാണ് അദൃശ്യജാലകങ്ങള്‍.
യുദ്ധത്തെ മനുഷ്യനിര്‍മിത ദുരന്തമായി ചിത്രീകരിക്കുന്ന സിനിമയില്‍ ഇന്ദ്രന്‍സ് ആണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുക. എള്ളനാര്‍ ഫിലിംസും ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും മൈത്രി മൂവി മേക്കേഴ്‌സും ചേര്‍ന്നാണ് അദൃശ്യ ജാലകങ്ങള്‍ നിര്‍മ്മിക്കുന്നത്.
ഡോ. ബിജുവിന്റെ കുറിപ്പ്:
ഐഎഫ്എഫ്കെയിലേക്ക് തിരഞ്ഞെടുക്കപ്പെടാനായി ഇനി മുതല്‍ സിനിമകള്‍ അയക്കുന്നില്ല എന്ന തീരുമാനം എടുക്കുക ആണ്. ഐഎഫ്എഫ്കെയില്‍ ന്യൂ മലയാളം സിനിമയില്‍ നിന്നും പുറന്തള്ളുകയും പിന്നീട് അതെ സിനിമ ലോകത്തിലെ മറ്റു പ്രധാന ചലച്ചിത്ര മേളകളില്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഐഎഫ്എഫ്കെയില്‍ ഫെസ്റ്റിവല്‍ കാലിഡോസ്‌കോപ് വിഭാഗത്തില്‍ സ്വാഭാവികമായും പ്രദര്‍ശിപ്പിക്കാന്‍ അക്കാദമി നിര്‍ബന്ധിതമാവുകയും ചെയ്യുക എന്നതാണ് കഴിഞ്ഞ കുറെ നാളുകള്‍ ആയി നടന്നു കൊണ്ടിരിക്കുന്നത്.
ഈ വര്‍ഷം മുതല്‍ ഫെസ്റ്റിവല്‍ കാലിഡോസ്‌കോപ് ഉള്‍പ്പെടെ ഒരു വിഭാഗത്തിലും ഐഎഫ്എഫ്കെയിലേക്ക് സിനിമ പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ലോക സിനിമകള്‍ കണ്ടതും പഠിച്ചതും ഐഎഫ്എഫ്കെയില്‍ ആണ്. അതുകൊണ്ട് തന്നെ ഈ തീരുമാനം എനിക്ക് ഏറെ ദുഃഖകരവും ആണ്. പക്ഷെ കഴിഞ്ഞ മൂന്നാല് വര്‍ഷങ്ങളായി ആലോചിച്ചു കൊണ്ടിരുന്ന ഒന്നാണ് ഈ തീരുമാനം. ഐഎഫ്എഫ്കെയിലോ ചലച്ചിത്ര അക്കാദമിയുടെ മറ്റു മേളകളിലോ ഇനി സിനിമകള്‍ സമര്‍പ്പിക്കാനോ പ്രദര്‍ശിപ്പിക്കാനോ ഇല്ല.
ഇത്തവണ കേരളീയത്തോട് അനുബന്ധിച്ചു നടത്തുന്ന ചലച്ചിത്ര മേളയില്‍ ക്ലാസ്സിക് വിഭാഗത്തില്‍ പ്രദര്‍ശനത്തിനായി ലിസ്റ്റ് ചെയ്തിരുന്ന വീട്ടിലേക്കുള്ള വഴി എന്ന സിനിമ കേരളീയത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്ന് അക്കാദമി സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ ഏറെ വര്‍ഷങ്ങളായി ആലോചിച്ചു കൊണ്ടിരുന്ന മറ്റൊരു തീരുമാനം കൂടി നടപ്പാക്കുക ആണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ഇനി മുതല്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സംവിധായകന്‍, തിരക്കഥ, തുടങ്ങിയ വ്യക്തിഗത അവാര്‍ഡുകള്‍ക്ക് പരിഗണിക്കരുത് എന്ന ഡിക്ലറേഷനോടെ മാത്രമേ സിനിമ ജൂറിക്ക് മുന്‍പാകെ നല്‍കൂ.
സാങ്കേതിക പ്രവര്‍ത്തകരുടെ അവസരം നിഷേധിക്കരുത് എന്നത് കൊണ്ട് മാത്രം സിനിമകള്‍ സാങ്കേതിക മേഖലകളില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിക്കും. ഈ തീരുമാനങ്ങള്‍ ഇപ്പോഴെങ്കിലും എടുത്തില്ലെങ്കില്‍ വ്യക്തി എന്ന നിലയിലും ഫിലിം മേക്കര്‍ എന്ന നിലയിലും നമുക്ക് സ്വയം ഉള്ള ആത്മാഭിമാനം ഇല്ലാതാകും. ലോകം എന്നാല്‍ കേരളം മാത്രം അല്ലല്ലോ..