Latest News

അധികാരത്തിന്റെ കീഴ് വഴക്കങ്ങളൊന്നും തെറ്റിക്കരുതല്ലോ; പ്രബലര്‍ കുറ്റവാളികളായി വരുന്ന ഏത് കേസിലും ഇത് സ്വാഭാവികം: ദീദി ദാമോദരൻ

Malayalilife
അധികാരത്തിന്റെ കീഴ് വഴക്കങ്ങളൊന്നും തെറ്റിക്കരുതല്ലോ; പ്രബലര്‍ കുറ്റവാളികളായി വരുന്ന ഏത് കേസിലും ഇത് സ്വാഭാവികം: ദീദി  ദാമോദരൻ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിച്ചു വരുകയാണ്.  ഒന്നര മാസത്തെ സമയം കൂടി തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുവദിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കെയാണ്  എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയത് വലിയ വിവാദമായിരിക്കുകയാണ്. പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേസ് ആണ്. തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

ദീദി ദാമോദരന്റെ കുറിപ്പ് വായിക്കാം:  പതിവ് പോലെ എനിക്ക് ഞെട്ടലില്ല, ഖേദമേയുള്ളു. കേസന്വേഷണം തീരാനുകുന്നതിന് തൊട്ടു മുമ്പ്് അന്വേഷണ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്നും മാറ്റുക ഈ പതിവ് മാതൃക നടി ആക്രമിക്കപ്പെട്ട കേസിലും ആവര്‍ത്തിച്ചിരിക്കുന്നു. അധികാരത്തിന്റെ കീഴ് വഴക്കങ്ങളൊന്നും തെറ്റിക്കരുതല്ലോ. പ്രബലര്‍ കുറ്റവാളികളായി വരുന്ന ഏത് കേസിലും ഇത് സ്വാഭാവികം. ഓര്‍മ്മയില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് മുതല്‍ ഇതു കണ്ടതാണ്. പിന്നെ നീതി മുഖം മൂടിയിട്ട എത്രയോ കേസുകള്‍.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു കലാകാരി ആക്രമിക്കപ്പെട്ട കേസില്‍ നീതി നടപ്പാക്കും എന്ന തോന്നല്‍ പലവുരു ഉളവാക്കി. ലോകം മാറിപ്പോയോ എന്ന് നമ്മള്‍ അതിശയം കൊണ്ടു. എന്നാല്‍ ആചാരം തെറ്റിക്കാതെ നമ്മുടെ അധികാര ചരിത്രത്തില്‍ കൊടിയ അന്യായങ്ങള്‍ ചൂട്ടുപിടിയ്ക്കുന്നത് നാം വീണ്ടും കണ്ടു . ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു. നീതി നടപ്പിലാകും എന്ന പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞു. കാരണം ഇത് ആണുങ്ങളുടെ ലോകമാണ്.കോടതിയിലായാലും പോലീസിലായാലും രാഷ്ട്രീയ പാര്‍ട്ടിയിലായാലും.

അതുകൊണ്ടാണ് നീതിയുടെ ഉന്മൂലനം പ്രതികളുടെ അവകാശമായി മാറുന്നത്. അതിനായി ചാനല്‍ ചര്‍ച്ചകളില്‍ പോലും നീതിയുടെ വായടപ്പിക്കാന്‍ അനീതിക്ക് കപ്പം വാങ്ങിയവരുണ്ടാകുന്നത്. ആരുമെന്താ ഒന്നും മിണ്ടാതിരിക്കുന്നത് എന്ന് കേരളത്തിലെ വിരലിലെണ്ണാവുന്ന സ്ത്രീകളോട് തന്നെ നിരന്തരം ചോദ്യം ചോദിക്കുന്നതിലാണ് സമൂഹത്തിന്റെ ആനന്ദം. അതൊന്നും നമ്മെ കാലാകാലമായി ഭരിക്കുന്ന ആണ്‍രാഷ്ട്രീയ പാര്‍ട്ടികളുടെയോ സിനിമകക്കത്തും പുറത്തുമുള്ള സാംസ്‌കാരിക നായകരുടെയോ സംഘടനാ പ്രമാണികളുടെയോ ചുമതലയല്ല എന്നാണ് ഇവര്‍ക്ക് തോന്നുന്നത്.

നല്ല കാര്യം. അതിനോടൊക്കെ ഒരു നല്ല നമസ്‌കാരമേ പറയാനുള്ളൂ. എത്ര മൂടി വച്ചാലും സത്യം പുറത്തു വന്നുകൊണ്ടേയിരിക്കും , നീതി നടപ്പായാലും ഇല്ലെങ്കിലും. അത് കനല്‍ പോലെ ജ്വലിക്കും. അന്യായങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. അത് അധികാരികള്‍ക്ക് സ്വസ്ഥത തരില്ല. നിശബ്ദതയുടെ പ്രവാഹം ലംഘിച്ച് സത്യം വിളിച്ചു പറയുന്ന ഒരു ആനിരാജയും കെ.കെ.രമയും , നിതാന്ത പോരാളിയായി കെ. അജിതയുമുണ്ടായില്ലേ. അതാണ് ലിംഗ രാഷ്ട്രീയം.

അത് എല്ലാ വ്യവസ്ഥാപിത പാര്‍ട്ടികളുടെയും ഹൃസ്വദൃഷ്ടികള്‍ക്കപ്പുറത്താണ്. അതിലാണ് പ്രത്യാശ, അതാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് . ലിംഗനീതി കെട്ടുപോകാത്ത കാലത്തോളം അതിനങ്ങിനെ മണ്ണിട്ട് മൂടാമെന്ന് ആരും വ്യാമോഹിയ്‌ക്കേണ്ട . ഈ കോടതികളൊന്നും അവസാനവാക്കല്ല. ഞങ്ങള്‍ പോരാട്ടം തുടരും. കഥകളില്‍ എന്ന പോലെ എന്നും രാക്ഷസന്‍ തന്നെ ജയിച്ചു കൊള്ളണമെന്നില്ലല്ലോ #അവള്‍ക്കൊപ്പം.

deedi damodharan words about dileep issue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES