ക്രിക്കറ്റ് താരം എന്നതിലുപരി ഒരു മില്ല്യണിലേറെ സബ്സ്ക്രൈബര്‍മാരുള്ള യൂട്യൂബ് ചാനലിന്റെ ഉടമയാണ് രവിചന്ദ്ര അശ്വിന്. തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം തന്റെ ചാനലിലൂടെ പങ്ക് വക്കാറുണ്ട്. ഇപ്പോളിതാ നടന് ജയസൂര്യയെയും 'ജോണ്‍ ലൂഥര്‍' സിനിമയെയും പ്രശംസിച്ച് എത്തിയിരിക്കുകയാണ് താരം.
'എന്നാ നടിപ്പ്' എന്നായിരുന്നു അശ്വിന് കുറിച്ചത്. അതിഗംഭീര സിനിമയാണിതെന്നും ഈ അടുത്ത് താന്‍ കണ്ട ഏറ്റവും മികച്ച സിനിമയാണ് ജോണ്‍ ലൂഥറെന്നും അശ്വിന് പറഞ്ഞു. ജൊഹാനസ്ബെര്‍ഗില്‍ നടക്കുന്ന ട്വന്റി ട്വന്റി സീരിസില്‍ പങ്കെടുക്കുന്നതിനു വേണ്ടി യാത്ര ചെയ്യുന്നതിനിടെയാണ് വിമാനത്തില്‍ വച്ച് അശ്വിന് ഈ സിനിമ കാണാന്‍ ഇടയായത്.
വിജയ് ആന്റണി നായകനായ 'കൊലൈ' എന്നൊരു സിനിമ കണ്ടു. അതൊരു പൊലീസ് സ്റ്റോറിയായിരുന്നു. പക്ഷേ അതിനു ശേഷം ഞാനൊരു സിനിമ കണ്ടു, 'ജോണ്‍ ലൂഥര്‍'. എന്നാ ആക്ടിങ്. ഞാന്‍ പറയുന്നത് ശരിയാണെങ്കില്‍ ഇതേ ഹീറോ തന്നെയാണ് വസൂല്‍ രാജ എംബിബിഎസില്‍ കമല്‍ഹാസനൊപ്പം സാക്കിര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാ ആക്ടിങ്. സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്.
ഒരു കഥാപാത്രത്തെ എങ്ങനെ രൂപപ്പെടുത്തുന്നു, തിരക്കഥയുടെ മികവ് ഇതെല്ലാം കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമ. വിമാനത്തില്‍ ഇരിക്കുമ്പോള്‍ മറ്റ് ചില ജോലികളും തീര്‍ക്കാം എന്ന് വിചാരിച്ചിരുന്നതാണ്. ഫ്ലൈറ്റ് ഇന്റര്‍നെറ്റ് വരെ വാങ്ങി, ഡയറിയും എടുത്തു. ഇതെല്ലാം റെഡിയാക്കിയ ശേഷമാണ് ജോണ്‍ ലൂഥര്‍ തുടങ്ങിയത്. സിനിമ തുടങ്ങിയ ശേഷം ഫോണിലും ഡയറിയിലുമൊന്നും തൊട്ടില്ല. അതുപോലെ തന്നെ ഇരുന്ന് രണ്ടരമണിക്കൂര്‍ സിനിമയില്‍ മുഴുകിയിരുന്നു.
ഈ സിനിമ കണ്ടതോടെ മലയാള സിനിമയുടെ വലിയ ആരാധകനായി മാറി. ഇതിനു മുമ്പും പല സിനിമകള്‍ കണ്ടിട്ടുണ്ട്. കലാ മാസ്റ്റര്‍ പറയുന്നതുപോലെ 'കിഴിച്ചിട്ടാങ്കേ' എന്നു പറയേണ്ടി വരും. അതിഗംഭീരം. നന്നായി ആസ്വദിച്ചു. നിങ്ങളും ഈ സിനിമ തീര്‍ച്ചയായും കാണണം.''-അശ്വിന് പറഞ്ഞു.