ഹരിശ്രീ അശോകന്റെ വീടായ പഞ്ചാബിഹൗസ് നിര്‍മ്മിച്ചു നാലുവര്‍ഷം തികയും മുന്നേ ടൈല്‍സിന്റെ നിറം മങ്ങി; മാര്‍ബിള്‍ കമ്പനി ഉള്‍പ്പെടെ മൂന്ന് സ്ഥാപനങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Malayalilife
ഹരിശ്രീ അശോകന്റെ വീടായ പഞ്ചാബിഹൗസ് നിര്‍മ്മിച്ചു നാലുവര്‍ഷം തികയും മുന്നേ ടൈല്‍സിന്റെ നിറം മങ്ങി; മാര്‍ബിള്‍ കമ്പനി ഉള്‍പ്പെടെ മൂന്ന് സ്ഥാപനങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ടന്‍ ഹരിശ്രീ അശോകന്റെ 'പഞ്ചാബിഹൗസ്' എന്ന വീടിന്റെ നിര്‍മാണത്തില്‍ വീഴ്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ചേര്‍ന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി. എറണാകുളത്തെ പി.കെ. ടൈല്‍സ് സെന്റര്‍, കേരള എ.ജി.എല്‍ വേള്‍ഡ് എന്നീ സ്ഥാനങ്ങളാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

എറണാകുളം ചെമ്പുമുക്കില്‍ 2014ലാണ് ഹരിശ്രീ അശോകന്‍ വീട് പണിതത്. മേല്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഫ്‌ലോര്‍ടൈല്‍സ് അശോകന്‍ വാങ്ങുകയും തറയില്‍ വിരിക്കുകയും ചെയ്തിരുന്നു. എന്‍ എസ് മാര്‍ബിള്‍ വര്‍ക്‌സിന്റെ ഉടമ കെ എ പയസിന്റെ നേതൃത്വത്തിലാണ് ടൈല്‍സ് വിരിക്കുന്ന പണികള്‍ നടന്നത്.

വീടിന്റെ പണികള്‍ പൂര്‍ത്തിയായി നാലുവര്‍ഷം എത്തിയപ്പോള്‍ തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാന്‍ തുടങ്ങുകയും വിടവുകളില്‍ക്കൂടി വെള്ളവും മണ്ണും ഉപരിതലത്തില്‍ എത്താന്‍ തുടങ്ങുകയും ചെയ്തു. 2018 ഫെബ്രുവരിയില്‍ നോട്ടീസ് അയച്ചത് അടക്കം എതിര്‍കക്ഷികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് നടന്‍ ഉപഭോക്തൃകോടതിയെ സമീപിച്ചത്.

ഉല്‍പ്പന്നം വാങ്ങിയതിന് രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉല്‍പ്പന്നത്തിന്റെ അപാകത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറന്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നും പരാതിക്കാരന്റെ കൈവശം ഇല്ലെന്നും എതിര്‍കക്ഷികള്‍ വാദിച്ചു. ടൈല്‍സ് വിരിച്ചത് തങ്ങളല്ലെന്നും അവര്‍ വാദിച്ചു.

ഇന്‍വോയ്സും വാറന്റി രേഖകളും ടെസ്റ്റ് റിപ്പോര്‍ട്ടും നല്‍കാതെ ഉപഭോക്താവിന്റെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിര്‍ കക്ഷികളുടെ പ്രവര്‍ത്തി അധാര്‍മ്മിക വ്യാപാര രീതിയുടെ നേര്‍ചിത്രമാണെന്ന് കോടതി വിലയിരുത്തി. ഉപഭോക്താവിനെ വ്യവഹാരത്തിന് നിര്‍ബ്ബന്ധിതനാക്കിയ എതിര്‍കക്ഷികളുടെ പ്രവര്‍ത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി ബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ മെമ്പര്‍മാരുമായ ബെഞ്ച് അഭിപ്രായപെട്ടു.

പരാതിക്കാരനുണ്ടായ നഷ്ടങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്ക് രണ്ടാം എതിര്‍കക്ഷി 16,58,641 രൂപ നല്‍കണം. കൂടാതെ നഷ്ടപരിഹാരമായി എതിര്‍കക്ഷികള്‍ ഒരു ലക്ഷം രൂപയും കോടതിച്ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നല്‍കുവാനും കോടതി നിര്‍ദ്ദേശിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ ടി ജെ ലക്ഷ്മണ അയ്യര്‍ ഹാജരായി.

compensation to harisree Ashokan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES