സീരിയല്‍ മേഖലയിലെ സഹോദരിമാരായി ശ്രദ്ധ നേടിയവരാണ് തുമ്പപ്പൂ എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ രേഷ്മാ ആര്‍ നായരും ഇപ്പോള്‍ പത്തരമാറ്റിലെ അനാമികയായും മാംഗല്യത്തിലെ സ്‌നേഹയായും ഒക്കെ തിളങ്ങുന്ന ഗ്രീഷ്മ രമേശും. ഇരുവരും തമ്മിലുള്ള മുഖസാമ്യതയാണ് ചേച്ചിയും അനിയത്തിയുമാണോയെന്ന സംശയം ആരാധകര്‍ക്കുണ്ടായത്. നിരവധി പേര്‍ ഇതു കമന്റുകളായി ചോദിച്ചതോടെയാണ് ഇരുവരും തങ്ങള്‍ സഹോദരിമാരാണെന്ന് തുറന്നു പറഞ്ഞതും. ഇപ്പോഴിതാ, ഇവരില്‍ ചേച്ചിയായ രേഷ്മാ ആര്‍ നായര്‍ വിവാഹിതയാകുവാന്‍ പോവുകയാണ്. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ തന്റെ ജീവിത പങ്കാളി ആരാണെന്നും തന്റെ പ്രണയവും തുറന്നു പറയുകയായിരുന്നു രേഷ്മ. നടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്:
ഒട്ടും പ്ലാന്‍ ചെയ്യാതെ വന്നെത്തിയ പ്രണയം.. അപ്രതീക്ഷിതമായ ആത്മബന്ധം.. ശരിയായ സമയം.. ശരിയായ വ്യക്തി.. അതെ.. അതു നിങ്ങളാണ് എന്നാണ് എസ് ആര്‍ സൂരജ് എന്ന സിനിമാ സീരിയല്‍ സംവിധായകും പരസ്യ സംവിധായകനുമായ എസ് ആര്‍ സൂരജിനെ ടാഗ് ചെയ്തുകൊണ്ട് രേഷ്മ കുറിച്ചത്. ഏതാനും മാസങ്ങളായുള്ള ഇവരുടെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് നീങ്ങുന്നത് എന്നാണ് വിവരം. തുമ്പപ്പൂ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ രേഷ്മ ഇപ്പോള്‍ കൗമുദി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന വസുധ എന്ന സീരിയലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. ആശിച്ചതെല്ലാം കാല്‍ക്കീഴില്‍ ഒതുക്കാനായി ഗൂഢതന്ത്രങ്ങളിലൂടെ എന്നും വിജയിച്ചു നില്‍ക്കുന്ന രജിതയായാണ് രേഷ്മ ഈ സീരിയലില്‍ അഭിനയിക്കുന്നത്. വസുധ സീരിയലിന്റെ സംവിധായകനാണ് സൂരജ്.
വീഴ്ചകളില്‍ തളര്‍ന്നുപോകാതെ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ വേണ്ടിയുള്ള ഒരു പെണ്ണിന്റെ പോരാട്ടത്തിന്റെ കഥയാണ് വസുധ പറയുന്നത്. കൂടാതെ, ബന്ധങ്ങള്‍ക്കും വികാരങ്ങള്‍ക്കും ഒപ്പം ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളുമായി സെപ്റ്റംബര്‍ മാസം മുതലാണ് വസുധ സംപ്രേക്ഷണം ആരംഭിച്ചത്. ഈ പരമ്പരയിലൂടെയാണ് രേഷ്മയും സൂരജും ഒരുമിച്ച് പ്രവര്‍ത്തിച്ചതും അങ്ങനെയുണ്ടായ അടുപ്പം വിവാഹത്തിലേക്ക് എത്തിയതും. പരമ്പരയുടെ എഡിറ്ററും സൂരജ് തന്നെയാണ്.
നിരവധി ഷോര്‍ട് ഫിലിമുകളിലൂടെ അഭിനയരംഗത്തേക്കെത്തിയ താരമാണ് രേഷ്മ. മഴവില്‍ മനോരമയിലെ തുമ്പപ്പൂവിലെ നീനു എന്ന കഥാപാത്രമായിട്ടാണ് രേഷ്മ ആദ്യം സീരിയല്‍ മേഖലയിലേക്ക് ചുവടു വച്ചത്. തുടര്‍ന്ന് കന്യാദാനത്തിലെ ഇന്ദുവായും എത്തിയ രേഷ്മ ഇപ്പോള്‍ അഭിനയിക്കുന്നത് സീ കേരളത്തിലെ മാനത്തെ കൊട്ടാരം എന്ന പരമ്പരയിലെ ഹരിത എന്ന കഥാപാത്രമായും കൗമുദിയിലെ വസുധ എന്ന സീരിയലിലെ രചിത എന്ന കഥാപാത്രമായും ആണ്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ അറുപതിനായിരത്തിലധികം ഫോളോവേഴ്‌സ് രേഷ്മയ്ക്കും ഇരുപതിനായിരത്തിലധികം ഫോളോവേഴ്‌സ് അനുജത്തിയ്ക്കുമുണ്ട്. ഇരുവരും തമ്മിലുള്ള മുഖസാദൃശ്യം കണ്ട് നിരവധി പേരാണ് പലപ്പോഴും കമന്റുകളിലൂടെയായി ഇവരോട് സഹോദരിമാരാണോ എന്നു ചോദിച്ചിരുന്നത്. തുടര്‍ന്നാണ് ഒരിക്കല്‍ ഒരു ക്യൂ ആന്റ് എ സെഷനില്‍ ഗ്രീഷ്മ തന്റെ സ്വന്തം സഹോദരിയാണെന്ന് രേഷ്മ തുറന്നു പറഞ്ഞത്. മാത്രമല്ല, ആരാധകരുടെ അഭ്യര്‍ത്ഥന പ്രകാരം അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള നിരവധി കുടുംബ ചിത്രങ്ങളും ഗ്രീഷ്മ പങ്കുവച്ചിരുന്നു.