മുംബൈയിലെ കോസ്റ്റല്‍ റോഡ് ടണലിലൂടെയുള്ള തന്റെ ആദ്യ യാത്രയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്. 'വിസ്മയകരം' എന്നാണ് ബച്ചന് ഇതിനെ വിശേഷിപ്പിച്ചത്. ഹാജി അലിക്കു മുമ്പായി തുരങ്കത്തില്‍ പ്രവേശിച്ച് മറൈന്‍ ഡ്രൈവിലേക്കുള്ള പാതിവഴിയില്‍നിന്നു പുറത്തുകടക്കുകയായിരുന്നു നടന്.
ബിഗ്ബി പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി റീട്വീറ്റുകളും കമന്റുകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലര്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിച്ചതിന് സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടും എത്തുന്നുണ്ട്. ഛത്രപതി സംഭാജി മഹാരാജിന്റെ സ്മരണാര്‍ഥം 'ധര്‍മവീര്‍ സ്വരാജ്യ രക്ഷക് ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റല്‍ റോഡ്' എന്നാണ് ഈ റോഡിന്റെ മുഴുവന്‍ പേര്. മറാത്ത രാജാവായ ഛത്രപതി ശിവജി മഹാരാജിന്റെ മകനാണ് സംഭാജി.
അദ്ദേഹത്തിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഈ വര്‍ഷം മാര്‍ച്ച് 11 നാണ് പ്രിന്‍സസ് സ്ട്രീറ്റ് മേല്‍പാലം മുതല്‍ ബാന്ദ്ര വര്‍ളി സീ ലിങ്കിന്റെ വര്‍ളി അവസാനം വരെയുളള ഇതിന്റെ ആദ്യഘട്ടം തുറന്നത്. 10.58 കിലോമീറ്റര്‍ നീളമുള്ള ഈ പാത, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയാണ് ഉദ്ഘാടനം ചെയ്തത്.