മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന.2017 പുറത്തിറങ്ങിയ ആദം ജോണ്‍ ആയിരുന്നു ഭാവന ഏറ്റവും ഒടുവില്‍ മലയാളത്തില്‍ പ്രത്യക്ഷപ്പെട്ട സിനിമ. ഇപ്പോള്‍ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് എത്തുകയാണ്. ഇതിന്റെ ഭാഗമായി ഗൃഹലക്ഷ്്മി മാഗസിന് നല്കിയ അഭിമുഖത്തില്‍ നടി സൈബര്‍ ആക്രമണത്തെക്കുറിച്ച് നടി പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.
ഭാവനയുടെ വാക്കുകള്‍ ഇങ്ങനെ...
സോഷ്യല്‍ മീഡിയ എന്നത് നല്ലകാര്യമാണെന്ന് നടി പറയുന്നു. എന്നാല്‍ മറ്റുള്ളവരെ വിഷമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം പ്രവര്‍ത്തിക്കുന്ന ചിലര്‍ ഉണ്ടെന്നും ഭാവന പറയുന്നു. അവര്‍ നമ്മളെ യാതൊരു കാരണവും അല്ലാതെ തന്നെ വൃത്തികെട്ട കമന്റുകളുമായി അക്രമിക്കാന്‍ വരും. ഒരു പരിചയവും ഇല്ലാത്തവരാണ് ഇത്തരത്തില്‍ തെറി വിളിക്കുന്നത്. തന്നെ കുറിച്ച് അറിയാത്തവര്‍ ആണ് പറയുന്നതെന്നും കാര്യമാക്കേണ്ടെന്നും കരുതും. പക്ഷേ ചിലപ്പോള്‍ അത് വേദനിപ്പിക്കാറുണ്ട്', ഭാവന വ്യക്തമാക്കി.
എന്നെ ഒരു പരിചയവും ഇല്ലാത്തവര്‍ എന്തിനാണ് ഇത്തരത്തില്‍ അധിക്ഷേപിക്കുന്നതെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. അത് യഥാര്‍ത്ഥത്തില്‍ ഒരു അമര്‍ഷമാണ്. ഞാന്‍ ആരുടേയും വീട്ടില്‍ പോയി പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല. നടിയെന്ന നിലയില്‍ താന്‍ ചെയ്ത വേഷങ്ങളിലൂടെ മാത്രം എന്നെ അറിയുന്നവരാണ് വിടാതെ വേട്ടയാടുന്നതെന്നും ഭാവന പറഞ്ഞു. എന്റെ സ്വഭാവം എന്താണെന്നോ, കുടുംബത്തെ കുറിച്ചോ അറിയാത്തവര്‍ അധിക്ഷേപിക്കുമ്പോള്‍ അതിന് ശ്രദ്ധകൊടുക്കുകയോ പ്രതികരിക്കുകയോ ചെയ്താല്‍ അവര്‍ക്ക് അര്‍ഹിക്കാത്ത അറ്റന്‍ഷന്‍ ലഭിക്കാന്‍ കാരണമാകുമെന്നും ഭാവന പറയുന്നു.
ഗോള്‍ഡന്‍ വിസ വാങ്ങന്‍ പോയപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ സംഘം ചേര്‍ന്നുള്ള സൈബര്‍ ആക്രമണമാണ് തനിക്ക് നേരിടേണ്ടി വന്നത്. വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് വ്യക്തമായി മനസിലായിട്ട് കൂടിയും അധിക്ഷേപങ്ങള്‍ പടച്ച് വിടുകയായിരുന്നു. പലതരം ഫ്രസ്‌ട്രേഷനുകളാണ് ഇതെല്ലാം അവരെക്കൊണ്ട് ചെയ്യിക്കുന്നത്. അന്ന് താന്‍ നല്‍കിയ വിശദീകരണം ആവശ്യമുണ്ടായിരുന്നോ എന്ന് പല സഹൃത്തുക്കളും ചോദിച്ചിരുന്നു. കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും വിമര്‍ശനം ഉന്നയിക്കുന്നവരോട് സംസാരിക്കേണ്ടതില്ലല്ലോ എന്നായിരുന്നു പലരും പറഞ്ഞത്. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാകില്ലല്ലോ.
ഇന്നെനിക്കറിയാം സൈബര്‍ ബുള്ളിയിങ് ഒരു പ്രൊഫഷനാണെന്ന്. ചിലര്‍ ചിലയാളുകള്‍ വാടകയ്ക്കെടുത്തോ, കൂലി കൊടുത്തോ എഴുതിപ്പിക്കുകയാണ് . ഇയാളെ നിങ്ങള്‍ അറ്റാക്ക് ചെയ്യണം, ഈ സിനിമയെ നിങ്ങള്‍ ആക്രമിക്കണം, ഇങ്ങനെ ചില വിഷയങ്ങളില്‍, നിലപാടുകളില്‍ ഇത്തരത്തിലുള്ള വിവരണങ്ങള്‍ പടച്ചു വിടണം എന്നെല്ലാം ചട്ടം കെട്ടി പണം നല്‍കി ആളുകളെ ഇറക്കി വിടുകയാണ്.
അവര്‍ എല്ലാ മുന്നൊരുക്കങ്ങളുമായി വന്ന് അവരുടെ ജോലി ചെയ്യും . ഇങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് കുറഞ്ഞത് 10 വ്യാജ അക്കൗണ്ടുകള്‍ എങ്കിലും ഉണ്ടാകും', നടി പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് മലയാള സിനിമയില്‍ നിന്നും മാറി നിന്നതെന്നും ഭാവന വ്യക്തമാക്കി. മനസമാധാനത്തിന് വേണ്ടിയായിരുന്നു മാറി നില്‍ക്കല്‍.
ആ സമയത്തും നിരവധി ഓഫറുകള്‍ തനിക്ക് ലഭിച്ചിരുന്നു. പ്രമുഖരായ നടന്‍മാരും സംവിധായകരുമെല്ലാം തനിക്ക് ഓഫറുകള്‍ നല്‍കിയിരുന്നു. എന്തിന് മാറി നില്‍ക്കണമെന്നായിരുന്നു പലരും ചോദിച്ചത്. എന്നാല്‍ എനിക്ക് പ്രാധാന്യം എന്റെ മനസമാധാനം മാത്രമായിരുന്നു. തനിക്ക് ജീവിതത്തില്‍ ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ട്. ആ സൗഹൃദങ്ങള്‍ പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. അവര്‍ തനിക്ക് പകര്‍ന്ന് തന്ന കരുത്ത് വലുതാണ്, ഭാവന പറഞ്ഞു.