നടന്‍ ബേസില്‍ ജോസഫിനും ഭാര്യ എലിസബത്തിനും പെണ്‍കുഞ്ഞ്. ഹോപ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു ഈ സന്തോഷ വാര്‍ത്ത ബേസില്‍ പ്രേക്ഷകരുമായി പങ്കുവച്ചത്.
വിനീത് ശ്രീനിവാസന്‍, രജിഷ വിജയന്‍, അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍, ഐമ റോസ്മി, അപര്‍ണ ദാസ്, വിജയ് ബാബു തുടങ്ങി താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ബേസിലിന് ആശംസകളുമായി എത്തിയത്.
2017-ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍.
മലയാളത്തിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ബേസില്‍, മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി പോലെ മികച്ച ചിത്രങ്ങളാണ് മലയാള സിനിമക്ക് സമ്മാനിച്ചിട്ടുള്ളത്.അഭിനയത്തില്‍ കൂടുതല്‍ സജീവമായ താരം നായകനായി എത്തിയ ജയ ജയ ജയ ജയ ഹേ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് എലിസബത്തും ബേസിലും.2017ലാണ് ഇരുവരും വിവാഹിതരാകുന്നത്. എന്‍ജിനിയറിങ്ങിന് പഠിക്കുമ്പോള്‍ എലിസബത്ത് ബേസിലിന്റെ ജൂനിയറായിരുന്നു. റാഗിങ്ങിലൂടെയാണ് ബേസില്‍ എലിസബത്തിനെ ആദ്യമായി പരിചയപ്പെട്ടത് എന്ന് ബേസില്‍ പറഞ്ഞിട്ടുണ്ട്.