ലോക സിനിമ പ്രേമികള്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഇതിഹാസ ചലചിത്രമാണ് അവതാര്‍ 2. ഇപ്പോള്‍ ചിത്രത്തിന്റെ ടീസര്‍ ലീക്കായി എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. എച്ച്.ഡി മികവുള്ള ടീസറാണ് ലീക്കായത്. ഡോക്ടര്‍ സ്ട്രേഞ്ച് ഇന്‍ ദ് മള്‍ടിവേള്‍ഡ്സ് ഓഫ് മാഡ്നെസിനൊപ്പം തിയറ്ററുകളില്‍ അവതാര്‍ 2വിന്റെ ടീസര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്നാല്‍ നിര്‍മാണ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിട്ടില്ല.
ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചാണ് അവതാര്‍ 2 പുരോഗമിക്കുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാവുന്നുണ്ട്. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് അവതാര്‍ 2 അതിശയകരമായ കാഴ്ച അനുഭവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയും ആയിരുന്നെങ്കില്‍ പുതിയ ചിത്രം കടലിനുള്ളിലെ മായിക ലോകമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ കാമറൂണ്‍ എത്തിക്കുന്നത്.
832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. അവതാറിന്റെ മൂന്നാം ഭാഗത്തിന് ഏകദേശം 7500 കോടിയോളം രൂപ മുടക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 20th സെഞ്ചുറി സ്റ്റുഡിയോസും ലൈറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ഡിസംബര്‍ 16 ന് അവതാര്‍ 2 തിയേറ്ററുകളിലെത്തും.അവതാര്‍- ദ വേ ഓഫ് വാട്ടര്‍' എന്നാണ് രണ്ടാം ഭാ?ഗത്തിന്റെ പേര്.
മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാര്‍ 2009ലാണ് ആദ്യമായി കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ചത്. 2,789 ദശലക്ഷം ഡോളാണ് ചിത്രം തിയേറ്ററില്‍ നിന്ന് വാരിക്കൂട്ടിയത്. നാലര വര്‍ഷമെടുത്തു ചിത്രം യാഥാര്‍ഥ്യമാവാന്‍. 2012 ലാണ് അവതാറിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. ആദ്യം രണ്ട് ഭാഗങ്ങളാണ് ആലോചിച്ചിരുന്നതെങ്കിലും പിന്നീട് കഥ വികസിച്ച സാഹചര്യത്തില്‍ നാല്‍ ഭാഗങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.