വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനാണ് അര്‍ജുന്‍ അശോകന്‍. ചെറിയ വേഷങ്ങളില്‍ തുടങ്ങി ഇപ്പോള്‍ മലയാള സിനിമയില്‍ നായക വേഷങ്ങളില്‍ വരെ എത്തി നില്‍ക്കുകയാണ് അര്‍ജുന്‍ അശോകന്‍.
ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ നടന്‍ അടുത്തിടെ നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ച വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.
സിനിമാ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം നടന്‍ പങ്ക് വച്ചു. ആദ്യമൊന്നും അഭിനയത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നാണ് അര്‍ജുന്‍ പറയുന്നത്. ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ടായിരുന്നു ആദ്യ സിനിമ. അച്ഛനാണ് അതില്‍ ആദ്യം വേഷം കിട്ടിയതെന്നും അങ്ങനെയാണ് തനിയ്ക്കും അവസരം ലഭിച്ചതെന്നും അര്‍ജുന്‍ പറഞ്ഞു. ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ടിന് ശേഷം ടു ലെറ്റ് അമ്പാടി ടോക്കീസ് എന്ന ചിത്രം പുറത്തിറങ്ങി. അത് കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പറവയിലെത്തുന്നത്. അപ്പോഴേയ്ക്കും അഭിനയിക്കണമെന്ന് താത്പ്പര്യം തോന്നിയെന്ന് അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ പ്രണയമുണ്ടായിരുന്നു. വടുതല ചിന്മയ വിദ്യാലയത്തിലായിരുന്നു പഠിച്ചത്. നിഖിത തന്റെ ജൂനിയറായിരുന്നുവെന്നും പ്ലസ് വണ്ണില്‍ വെച്ചാണ് കാണുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. തന്റെ സുഹൃത്ത് നിഖിതയെ പ്രൊപ്പോസ് ചെയ്‌തെന്നും താന്‍ ഇഷ്ടമായിരുന്നുവെന്ന് പറയാന്‍ നില്‍ക്കുമ്പോഴാണ് സുഹൃത്ത് പറഞ്ഞതെന്നും അര്‍ജുന്‍ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അത് ബ്രേക്കപ്പ് ആയെന്നും തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് സുഹൃത്തിലൂടെ അറിഞ്ഞെന്നും താരം പറഞ്ഞു.തന്റെ പ്രണയം മൊത്തം ട്വിസ്റ്റാണെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.ഫോണ്‍ വിളിച്ചാണ് പ്രണയം പറഞ്ഞത്. പിന്നീട് അവളുടെ വീട്ടില്‍ കുറച്ച് പ്രശ്‌നങ്ങളൊക്കെ ഉണ്ടായി. വീട്ടില്‍ അടച്ചിടുകയൊക്കെ ചെയ്തിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു.
ചെറുപ്പം മുതല്‍ സംഗീതത്തോട് കമ്പമുള്ളത് കൊണ്ട് ഡിജെ ചെയ്ത് തുടങ്ങിയെന്നുമ കോളേജ് കഴിഞ്ഞപ്പോള്‍ ഡിജെ നിര്‍ത്തിക്കോളാന്‍ അച്ഛന്‍ പറഞ്ഞുവെന്നും നടന്‍ പറഞ്ഞു.അങ്ങനെ അത് നിര്‍ത്തി. ഡിഗ്രി ബികോം ആയിരുന്നു പഠിച്ചത്. ഒരിക്കല്‍ താടി വളര്‍ത്തിയെന്ന പേരില്‍ കോളേജില്‍ നിന്ന് പുറത്താക്കി. പരീക്ഷ എഴുതാനും സമ്മതിച്ചില്ല. ഇപ്പോഴും സപ്ലിയുണ്ട്. പിന്നീട് സിനിമയിലേക്ക് തന്നെ ഫോക്കസ് ചെയ്തു.
പറവയുടെ ഷൂട്ടിങ്ങൊക്കെ വളരെ രസകരമായിരുന്നു. അച്ഛന്‍ വീട്ടില്‍ വളരെ സീരിയസാണ്. എനിക്ക് വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണ്. സൂപ്പര്‍ ശരണ്യ വന്നതിന് ശേഷമാണ് സിനിമയുടെ കഥയൊക്കെ ശ്രദ്ധിച്ച് തുടങ്ങിയത്. ഇതുവരെ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം പറവയിലേതാണ്. അത്രയും താടിയൊക്കെ ഒരു വര്‍ഷം, നല്ല കമ്മിറ്റ്‌മെന്റായിരുന്നു ആ ചിത്രത്തിന് വേണ്ടി. അതേപോലെ ഇഷ്ടമുള്ള സിനിമകളാണ് ബിടെക്, ജൂണ്‍, തുറമുഖം എന്നിവയൊക്കെ.
2018 ല്‍ ഡിസംബറില്‍ ആയിരുന്നു അര്‍ജുനും നിഖിതയും വിവാഹിതരായത്. ഇന്‍ഫോ പാര്‍ക്കിലെ ഉദ്യോഗസ്ഥയായ നിഖിതയുമായി എട്ട് വര്‍ഷത്തേ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്കിപ്പോള്‍ ഒരു മകളുമുണ്ട്. അതേസമയം നിരവധി ചിത്രങ്ങളാണ് അര്‍ജുന്റേതായി പുറത്തുവരാനുള്ളത്.