മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന ആ പ്രഖ്യാപനം എത്തി കഴിഞ്ഞു. ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്റെ മൂന്നാം ഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒപ്പം ഓഫീഷ്യല്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്.
പാപ്പനും പിള്ളേരും വരുവാ കേട്ടോ..ഇനി അങ്ങോട്ട് 'ആടുകാലം', എന്നാണ് ജയസൂര്യ പോസ്റ്റര്‍ പങ്കുവച്ച് കുറിച്ചത്. 'പാപ്പന്‍ സിന്‍ഡിക്കേറ്റ് വരാര്‍' എന്നായിരുന്നു മിഥുന്‍ കുറിച്ചത്. സിനിമയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് മലയാളികള്‍. നിലവില്‍ പീക്ക് ലെവലില്‍ നില്‍ക്കുന്ന മലയാള സിനിമയെ മറ്റൊരു ലെവലില്‍ എത്തിക്കാന്‍ പോകുന്നതാകും ആട് 3 എന്നാണ് ഇവര്‍ പറയുന്നത്.
മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ്. പാപ്പനൊപ്പം ആട് സീരിസിലെ പ്രധാന കഥാപാത്രങ്ങളായ അറയ്ക്കല്‍ അബു, സര്‍ബത്ത് ഷമീര്‍, സെയ്ത്താന്‍ സേവ്യര്‍, ഡൂഡ്, ക്യാപട്ന്‍ ക്ലീറ്റസ്,ശശി ആശാന്‍ എന്നിവരും ചിത്രത്തിലുണ്ടാകുമെന്ന് നിര്‍മ്മാതാവ് വിജയ് ബാബു സൂചന നല്‍കിയിട്ടുണ്ട്
2015ലാണ് 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചിത്രം റിലീസ് ചെയ്തത്. തിയറ്ററില്‍ വിജയിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയ ഹിറ്റാക്കിയ ചിത്രം നല്‍കിയ ആത്മവിശ്വാസം മിഥുനെ രണ്ടാം ഭാഗം ഒരുക്കാന്‍ പ്രേരിപ്പിച്ചു. 2017ല്‍ ആട് 2വും റിലീസിന് എത്തി. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ആട് 2 ഇരുകൈയ്യും നീട്ടിയാണ് ആരാധര്‍ സ്വീകരിച്ചത്. മാത്രമല്ല ചിത്രത്തിലെ ഷാജിപാപ്പന്റെ ഇരു നിറത്തിലുള്ള മുണ്ടും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആട് 2 തരംഗമായതോടെ ഇനിയൊരു തുടര്‍ച്ച ഉണ്ടാകുമോ എന്ന ചോദ്യം മലയാള സിനിമാസ്വാദകര്‍ കാലങ്ങളായി ചോദിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ 2024 മാര്‍ച്ച് 16ന് അതിന് ഉത്തരം ലഭിച്ചിരിക്കുകയാണ്.
അതേസമയം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കത്തനാരിലാണ് ജയസൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് നടന്‍ പ്രഭുദേവയും സെറ്റില്‍ ജോയിന്‍ ചെയ്തു. ഉറുമിക്ക് ശേഷം പ്രഭുദേവ അഭിനയിക്കുന്ന ചിത്രമാണ് കത്തനാര്‍.
ശീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കത്തനാര്‍ നിര്‍മ്മിക്കുന്നത്. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന സിനിമ മുപ്പതില്‍ അധികം ഭാഷകളില്‍ രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്യും. ആദ്യഭാഗത്തിന്റെ റിലീസ് ഈ വര്‍ഷം ഉണ്ടാകും. രചന ആര്‍. രാമാനന്ദ്, കാമറ നീല്‍ ഡി കുഞ്ഞ, ആക്ഷന്‍ ജംഗ്ജ്ന്‍ പാര്‍ക്ക്, കലൈ കിംഗ്സണ്‍,സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍ ഉണ്ണി.