മമ്മൂട്ടി നായകനായി എത്തിയ കാതല്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ മാത്യു ദേവസി എന്ന വേഷത്തില്‍ ആണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മറ്റ് അഭിനേതാക്കള്‍ക്കും പ്രശംസ ഏറെയാണ്. ഇതില്‍ പ്രധാനിയാണ് മമ്മൂട്ടിയുടെ മകളായി അഭിനയിച്ച അനഘ രവി.
ഡാന്‍സ് വീഡിയോയിലൂടെയും റീല്‍സിലൂടെയും ഏറെ ആരാധകരെ നേടിയ അനഘ അഭിനയിച്ച ന്യൂ നോര്‍മ്മല്‍ എന്ന ഹ്രസ്വ ചിത്രം ഏറെ ചര്‍ച്ച ആയിരുന്നു. അനഘ താനൊരു ബൈസെക്ഷ്വല്‍ ആണെന്ന് മുന്‍പ് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ എങ്ങനെയാണ് തന്റെ സ്വത്വം തിരിച്ചറിഞ്ഞതെന്നും വീട്ടുകാരുടെ പ്രതികരണം എങ്ങനെ ആയിരുന്നു എന്നും പറയുകയാണ് അനഘ.
കാതല്‍ സിനിമയില്‍ മമ്മൂട്ടിയുടെ മകളായ ഫെമി മാത്യു എന്ന കഥാപാത്രമാണ് അനഘ അഭിനയിച്ചത്. അനഘ രവിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
തന്റെ പ്രണയിനിയെ കണ്ടുമുട്ടിയപ്പോഴാണ് താന്റെ സെക്ഷ്വാലിറ്റി തിരിച്ചറിഞ്ഞതെന്ന് അനഘ പറയുന്നു. 'നമ്മള്‍ ഒരാളെ കണ്ടുമുട്ടുന്നു. അയാളോട് എന്തെങ്കിലും തരത്തിലുള്ള കണക്ഷന്‍ തോന്നുമ്പോഴാണ് നമ്മുടെ സെക്ഷ്വാലിറ്റി മനസിലാക്കാന്‍ സാധിക്കുക. അങ്ങനെ ഒരാള്‍ എന്റെ ജീവിതത്തിലും വന്നു. അങ്ങനെ ഞാന്‍ അക്കാര്യം മനസിലാക്കി. അതിന് മുന്‍പ് ബൈസെക്ഷ്വല്‍ എന്താണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അവള്‍ വന്ന് പറഞ്ഞപ്പോഴാണ് ഇതിനെ പറ്റി മനസിലാക്കുന്നതും അറിയുന്നതും. സ്‌കൂള്‍ സമയത്ത് എനിക്ക് ബോയ് ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. ആ സമയത്ത് അവരോടൊക്കെ തോന്നിയ ഫീലാണ് എനിക്ക് അവളോടും തോന്നിയത്. അതാണ് സംശയം വന്നതും', എന്ന് അനഘ പറഞ്ഞത്.
'ബൈസെക്ഷ്വല്‍ ആയിട്ടുള്ളവര്‍ക്ക് ഇത് നോര്‍മല്‍ ആയിട്ടുള്ള കാര്യമാണെന്ന് മനസിലാക്കി കൊടുക്കാനാണ് ഞാന്‍ എന്റെ കാര്യം തുറന്നു പറഞ്ഞത്. എന്റെ അച്ഛനും അമ്മയ്ക്കും ആദ്യം ഇതേപ്പറ്റി അറിയില്ലായിരുന്നു. പ്രകൃതി വിരുദ്ധമായ കാര്യമാണ് എന്ന നിലയിലാണ് ആദ്യം അവരും പ്രതികരിച്ചത്. രണ്ട് മൂന്ന് വര്‍ഷമെടുത്തു അവരത് അംഗീകരിക്കാനും മനസിലാക്കാനും. ഇപ്പോള്‍ കാതല്‍ കണ്ടിറങ്ങിയ ശേഷം അമ്മ വന്ന് എന്നോട് പറഞ്ഞു, ഇതെന്താ സിംപിളല്ലേ, സ്‌നേഹമല്ലേ, സമൂഹത്തിന് അക്‌സപ്റ്റ് ചെയ്തൂടേ എന്ന്. '
'16 വയസായപ്പോഴാണ് ഞാന്‍ ബൈസെക്ഷ്വല്‍ ആണെന്ന് തിരിച്ചറിഞ്ഞത്. അന്ന് എനിക്ക് ഇതിനെപ്പറ്റി അറിയില്ലായിരുന്നു. പിന്നീട് ആ വ്യക്തി എന്റെ ജീവിതത്തിലേയ്ക്ക് വന്നപ്പോഴാണ് ബൈസെക്ഷ്വല്‍ എന്താണെന്നും എന്റെ മനസിലുള്ള കാര്യങ്ങളൊക്കെ നോര്‍മല്‍ ആണെന്നും മനസിലായത്. പ്യാരി എന്നാണ് പുള്ളിക്കാരിയുടെ പേര്. വളരെ ഓപ്പണാണ്. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്ന ഒരു സ്വഭാവമാണ്. പൈങ്കിളിയായിരുന്നു ഞങ്ങളുടെ പ്രണയം. സാധാരണ എല്ലാവരെയും പോലെ തന്നെയാ. അടുത്തുകൂടെ പോകുമ്പോള്‍ അടിവയറ്റില്‍ മഞ്ഞ് വീഴുന്ന പോലൊക്കെ തോന്നിയിരുന്നു. ഞങ്ങള്‍ ഒരേ പ്രായമാണ്. അതുകൊണ്ട് തന്നെ രണ്ടുപേര്‍ക്കും പരസ്പരം നന്നായി മനസിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നു.'
വീട്ടില്‍ പറയാന്‍ തയ്യാറെടുക്കുകയായിരുന്നു. പക്ഷേ അതിന് മുമ്പ് അവരറിഞ്ഞു. എന്റെ ഒരു കൂട്ടുകാരി ഞങ്ങളുടെ ഫോട്ടോസ് അമ്മയ്ക്ക് കാണിച്ച് കൊടുത്തിട്ട് കാര്യം പറഞ്ഞു. അന്ന് വൈകിട്ട് എന്നെ കണ്ടപ്പോ തന്നെ ചോദിച്ചു, പ്രകൃതി വിരോധി എന്നൊക്കെ വിളിച്ചു. പക്ഷേ ഇപ്പോള്‍ വീട്ടിലെല്ലാം ഓകെ ആണ്. ' - അനഘ പറഞ്ഞു.