Latest News

ചുമച്ച് ചുമച്ച് ഛര്‍ദ്ദിച്ചപ്പോള്‍ വായില്‍ നിന്നും വീണത് മാംസപിണ്ഡം; ജീവന്‍ രക്ഷപ്പെട്ട കഥ പറഞ്ഞ് നടന്‍ ദേവന്‍

Malayalilife
ചുമച്ച് ചുമച്ച് ഛര്‍ദ്ദിച്ചപ്പോള്‍ വായില്‍ നിന്നും വീണത് മാംസപിണ്ഡം; ജീവന്‍ രക്ഷപ്പെട്ട കഥ പറഞ്ഞ് നടന്‍ ദേവന്‍

പോസ്റ്റീവും നെഗറ്റീവുമായ അനവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ദേവന്‍. മലയാളത്തിന് പുറമേ തെന്നിന്ത്യിലെ മിക്ക ഭാഷകളിലും താരം തിളങ്ങിയിട്ടുണ്ട്. തന്റെ അനുഭവങ്ങളും കുറിപ്പുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഡോക്ടേഴ്സ് ഡേയില്‍ താരം പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ? ഉണ്ടെന്നു ഞാന്‍ പറയും, ഒരു ഡോക്ടറെ ചൂണ്ടികാണിച്ചിട്ടു... എന്റെ അച്ഛനും അമ്മയും ഞാനും ആദ്യം കണ്ട ദൈവം ഒരു ഡോക്ടര്‍ ആണ്.. ഡോ. സണ്ണി.

അന്നൊക്കെ മരണം സുനിശ്ചിതമായ ഒരു രോഗമാണ് ' ഡിഫ്ത്തീരിയ'. തൊണ്ടയില്‍ പഴുപ്പുവന്നു വളര്‍ന്നു, തൊണ്ടമുഴുവനും ബ്ലോക്ക് ആയി മരിക്കുന്ന മാരക രോഗം. അമ്മയും അച്ഛനും അത് മനസ്സിലാക്കി. അന്നുമുതല്‍ അമ്മ എന്നെ ഒക്കത്തുനിന്നും ഇറക്കാതെ താങ്ങിക്കൊണ്ടു നടന്നു. ഉറങ്ങാന്‍വേണ്ടി മാത്രം ബെഡില്‍ കിടത്തും. അപ്പോളും രണ്ടു കൈയുംകൊണ്ട് വാരിപ്പുണര്‍ന്നു കൂടെ കിടക്കും അമ്മ. 'എന്റെ  മോനെ ആര്‍ക്കും വിട്ടുകൊടുക്കില്ല ' എന്ന മനസ്സുമായി... വേദനകൊണ്ടു പുളയുമ്പോള്‍ അമ്മ ചോദിക്കും... 'എന്താ മോനെ വേദന ഉണ്ടോ' എന്ന്.. ' ഇല്ലമ്മേ ഒന്നുല്ല്യ ' ഞാന്‍ നുണ പറയും

പ്രതീക്ഷയൊന്നുമില്ലെങ്കിലും എന്റെ ദിവസ്സങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നറിയാമെങ്കിലും ഡോ. സണ്ണി എന്നും വന്നു എന്നെ നോക്കും. എന്റെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കുക എന്നതാണ് ഉദ്ദേശം... ഒരു ഡോക്ടറുടെ മറ്റൊരു കടമ..
ഒരു ദിവസ്സം ഡോ. സണ്ണി വന്നു പറഞ്ഞു.. ' ഒരു പുതിയ ഇന്‍ജെക്ഷന്‍ വന്നിട്ടുണ്ട്.. ഇതൊന്നു പരീക്ഷിക്കാം നമുക്ക് '... കുത്തിവെച്ചിട്ടു 'എന്തെങ്കിലും റിയാക്ഷന്‍സ് ഉണ്ടെങ്കില്‍ ഉടനെ എന്നെ വിളിക്കണം ' എന്ന് പറഞ്ഞു പോയി.

പിറ്റേ ദിവസ്സം രാവിലെ ചുമച്ചു ചുമച്ചു ഞാന്‍ ഛര്‍ദിച്ചു. എന്തോ ഒരു മാംസപിണ്ഡം വായിലൂടെ പുറത്തേക്കു വീണു. ഇതു കണ്ടു അലറിനിലവിളിച്ചു അമ്മ. ചെറു നാവിന്റെ ആകൃതിയില്‍ ഒരു മാംസക്കഷ്ണം കണ്ടു അമ്മ നിലവിളിക്കുന്നു.. ഡോക്ടറെ വിളിക്കാന്‍ അച്ഛന്‍ ഓടുന്നു. ഡോക്ടര്‍ വന്നു നോക്കി സന്തോഷത്തോടെ 'രക്ഷപെട്ടാഡോ ശ്രീനിവാസാ തന്റെ മോന്‍. തൊണ്ടയില്‍ കെട്ടിക്കിടന്ന പഴുപ്പ് പുറത്തുചാടിയിരിക്കുന്നു '... എത്രയും ദിവസ്സം എന്നെ ചുമന്ന അമ്മ, അമ്മയുടെ നിഴല്‍പോലെ ഒപ്പമുണ്ടായിരുന്ന എന്റെ അച്ഛന്‍... അമ്മയും അച്ഛനും ദൈവമാണെങ്കില്‍ ഡോ. സണ്ണി ഉം ദൈവമല്ലേ ? ഞാന്‍ കണ്ട മൂന്നാമത്തെ ദൈവമാണദ്ദേഹം, ഡോക്ടര്‍ സണ്ണിയെന്ന് ദേവന്‍ പറയുന്നു.



 

Read more topics: # actor devan,# shares a life,# experience
actor devan shares a life experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES