സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തിയെന്നും വയറിനുള്ളിലെ അവയവങ്ങള്‍ക്ക് മുറിവില്ലെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നടനെ മുറിയിലേക്ക് മാറ്റി. അഞ്ച് ദിവസം ആശുപത്രിയില്‍ തുടരും.
കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ടൊവിനോയെ പ്രവേശിപ്പിച്ചിരിക്കുന്നത്. എറണാകുളം പിറവത്ത് കള എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടെ ആയിരുന്നു നായകനായ ടോവിനോ തോമസിന് പരിക്ക് പറ്റിയത്. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. കഴിഞ്ഞ ദിവസം സംഘട്ടനരംഗം ചിത്രീകരിക്കുമ്പോള്‍ ആയിരുന്നു വയറിന് പരിക്കേറ്റത്. എന്നാല്‍ പരിക്ക് അവഗണിച്ചും ഷൂട്ടിങ് തുടരുകയായിരുന്നു. വയറുവേദന കൂടിയപ്പോഴാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറിനുള്ളിലെ ചെറിയ രക്തക്കുഴല്‍ മുറിഞ്ഞതിനെ തുടര്‍ന്ന് രക്തപ്രവാഹം ഉണ്ടായതാണ് വേദനയ്ക്കു കാരണമായതെന്ന് വിശദമായ പരിശോധനയില്‍ കണ്ടെത്തി. ഫൈറ്റ് സീനുകള്‍ ഒരുപാടുള്ള ചിത്രത്തില്‍ സംഘട്ടനങ്ങളെല്ലാം ഡ്യൂപ്പില്ലാതെ ചെയ്യാന്‍ ടൊവീനോ തയാറാവുകയായിരുന്നു. താരത്തിന് പരുക്കേറ്റതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.
'അണുബാധയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്റിബയോട്ടിക് മരുന്നും താരത്തിന് നല്‍കി. രണ്ട് ദിവസത്തിനു ശേഷം ആശുപത്രി വിടും. വീട്ടില്‍ ചെന്നാലും മൂന്നാഴ്ച പൂര്‍ണമായ വിശ്രമം വേണമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം.