ജൂനിയര്‍ എന്‍ടിആറിന്റ 2003ലെ ഹിറ്റ് തെലുങ്ക് ചിത്രം സിംഹാദ്രി വീണ്ടും പ്രദര്‍ശിപ്പിച്ച വിജയവാഡയിലെ ഒരു തിയേറ്ററില്‍ വന്‍ തീപിടിത്തം. ജൂനിയര്‍ എന്‍ടിആറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സിംഹാദ്രി വീണ്ടും റിലീസ് ചെയ്തത്. സിനിമ കാണാന്‍ ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ ഇരച്ചെത്തിയിരുന്നു. വിജയവാഡയിലെ അപ്സര തിയേറ്ററിലായിരുന്നു ഷോ. ചലച്ചിത്രം തുടങ്ങിയതിന് പിന്നാലെ ആവേശത്തിലായ ആരാധകര്‍ തീയറ്റര്‍ ഹാളിനുള്ളില്‍ പടക്കം പൊട്ടിച്ചതോടെയാണ് തീയറ്ററില്‍ തീ പടര്‍ന്നത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കാണികളെ തിയേറ്ററില്‍ നിന്ന് ഒഴിപ്പിക്കുന്നതും തീ അണയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. തീപിടിത്തമുണ്ടാകുന്നതിന് മുന്‍പ് ആരാധകര്‍ അകത്ത് പടക്കം പൊട്ടിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തിയേറ്റര്‍ അധികൃതരും പൊലീസുമെത്തിയാണ് തീ അണച്ചത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ താരത്തിന്റെ ആരാധകര്‍ക്ക് നേരെ രൂക്ഷ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് 'സിംഹാദ്രി'. എന്‍ ടി ആറിന്റെ 40ാം ജന്മദിനത്തോടനുബന്ധിച്ച് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ചിത്രം റീ റിലീസ് ചെയ്തിരുന്നു.
അതേസമയം ജൂനിയര്‍ എന്‍ ടി ആര്‍ തന്റെ പുതിയ ചിത്രമായ 'ദേവര'യുടെ ഷൂട്ടിന്റെ തിരക്കിലാണ്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാന്‍വി കാപൂറാണ് നായിക. സെയ്ഫ് അലിഖാന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ജാന്‍വി കപൂര്‍ ആദ്യമായാണ് തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. ദസറയ്ക്കു ശേഷം ഷൈന്‍ ടോം ചാക്കോ തെലുങ്ക് സിനിമയുടെ ഭാഗമാവുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. യുവ സുധ ആര്‍ട്‌സും എന്‍.ടി. ആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് നിര്‍മ്മാണം.