മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്കു മുന്നില്‍ വളര്‍ന്നു വന്ന താരങ്ങളാണ് സിദ്ധാര്‍ത്ഥ് പ്രഭുവും ഭാഗ്യലക്ഷ്മിയും. ഒരുപക്ഷെ, ഈ പേരുകള്‍ പറഞ്ഞാല്‍ ആരാണ് കക്ഷികളെന്ന് പിടികിട്ടിയെന്നു വരില്ല. എന്നാല്‍, കണ്ണനും മീനാക്ഷിയും എന്നു പറഞ്ഞാല്‍ അറിയാത്തവരില്ല. ഈ പരമ്പരയിലൂടെ ആയിരക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ കണ്ണന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ചേച്ചിയും താനും ഒരുമിച്ചുള്ള ചിത്രമാണ് മീനാച്ചിയും കണ്ണനും എന്ന ക്യാപ്ഷനോടെ കണ്ണന്‍ പങ്കുവച്ചത്. കൂളിംഗ് ഗ്ലാസ് ധരിച്ചിരിക്കുന്ന കണ്ണന്‍ മീനാക്ഷിയ്ക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ ഏറ്റെടുക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തേയും ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല, പ്രേക്ഷകര്‍ക്കു മുന്നില്‍ വളര്‍ന്ന ഈ താരങ്ങളോട് പ്രേക്ഷകര്‍ക്കെന്നും പ്രത്യേക സ്‌നേഹവും ഉണ്ട്. പരമ്പരയില്‍ മാത്രമല്ല, ജീവിതത്തിലും ഇവര്‍ ചേച്ചിയും അനിയനുമാണ് എന്ന വാര്‍ത്ത അത്ഭുതത്തോടെയായിരുന്നു ആരാധകര്‍ അറിഞ്ഞത്.
ഈയടുത്താണ് ഭാഗ്യലക്ഷ്മി തട്ടീം മുട്ടീം പരമ്പരയില്‍നിന്നും പിന്മാറിയത്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി വിദേശത്തേയ്ക്കു പോയതിനാലാണ് പരമ്പരയില്‍ നിന്നും പിന്മാറിയത്. മുമ്പ്, പരമ്പരയില്‍ നിന്നും പിന്മാറിയ വേളയില്‍ അമ്മയായി അഭിനയിക്കുന്ന മഞ്ജു പിള്ളയും ഭാഗ്യലക്ഷ്മിയ്ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് ഉമ്മ നല്‍കുന്ന ചിത്രം പങ്കുവച്ചിരുന്നു. ''ചക്കരേ നിന്നെ മിസ് ചെയ്യും. എല്ലാ ആശംസകളും നേരുന്നു. ഒരുപാടിഷ്ടം'' എന്നായിരുന്നു മഞ്ജു കുറിച്ചത്.
അതേസമയം, കണ്ണന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയും ആരാധകരുടെ കമന്റുകള്‍ നിറയുകയാണ്. ഫോട്ടോയ്ക്ക് സ്നേഹം അറിയിക്കുന്ന കൂട്ടത്തില്‍ മീനാക്ഷിയെ കാണാത്തതിന്റെ സങ്കടവും ആരാധകര്‍ അറിയിക്കുന്നുണ്ട്. ഏതായാലും സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ കണ്ണനും മീനാച്ചിയുമാണ് തരംഗമായി മാറിയിരിക്കുകയാണ്.