കാശ്മീരിലെ കത്രിയിലുളള ശ്രീമാതാ വൈഷ്ണോ ദേവീക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി ബോളിവുഡ് നടന് ഷാരൂഖ് ഖാന്. ആരാധകരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ കറുത്ത കൂളിംഗ് ഗ്ലാസും അതേനിറത്തിലുളള ഹുഡ് ജാക്കറ്റും ധരിച്ചാണ് താരം എത്തിയത്.ഈ മാസം 21നാണ് ഷാരൂഖ് ഖാന്റെ പുതിയ ചിത്രം 'ഡങ്കി' തിയേറ്ററുകളില്‍ എത്തുന്നത്. ഇതിന് മുന്നോടിയായാണ് ദേവിയുടെ അനുഗ്രഹത്തിനായി താരം ക്ഷേത്രത്തില്‍ എത്തിയതെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയാനാവുന്നത്.
ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. മൂന്നാമത്തെ തവണയാണ് ഷാരൂഖ് ഖാന് ഈ ക്ഷേത്രത്തില്‍ എത്തുന്നത്. ഈ വര്‍ഷം ബോക്സോഫീസുകളില്‍ വന്‍വിജയമായ പതാന്‍, ജവാന് തുടങ്ങിയ ഹി?റ്റ് സിനിമകളുടെ റിലീസിന് മുന്‍പും താരം ദേവീക്ഷേത്രത്തില്‍ എത്തിയിരുന്നു.
രാജ്കുമാര് ഹിരാനി - ഷാരൂഖ് ഖാന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഡങ്കി. ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. തപ്സി പന്നു, ബൊമന്‍ ഇറാനി, വിക്കി കൗശല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഷാരൂഖ് ഖാന് നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്. താരത്തിനോടൊപ്പം തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര അഭിനയിച്ച ജവാന് ബോക്സോഫീസില്‍ ഹിറ്റായിരുന്നു.ഡങ്കിയിലെ മൂന്ന് ഗാനങ്ങള്‍ മുന്‍പ് തന്നെ റിലീസ് ചെയ്തിരുന്നു. ഇവ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു.