മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. നിരവധി സിനിമകളാണ് പ്രേക്ഷകർക്കായി അദ്ദേഹം സമ്മാനിച്ചിരിക്കുന്നതും. എന്നാൽ ഇപ്പോൾ അദ്ദേഹം തൃശ്ശൂരിലെ അന്തിക്കാട് എന്ന സ്ഥലത്തെ തെങ്ങിന്‍ കള്ളിനെപ്പറ്റി തുറന്നു സംസാരിക്കുകയാണ്. സത്യന്‍ അന്തിക്കാട് ഫേസ് ബുക്കില്‍ തന്റെ സിനിമകളിലെ കള്ള് ചെത്തുകാരായ കഥാപാത്രങ്ങളെ ഓര്‍മ്മിച്ചു കൊണ്ടായിരുന്നു അന്തിക്കാടന്‍ കള്ളിനെക്കുറിച്ച് അദ്ദേഹം തുറന്നു സംസാരിച്ചത്.
സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അന്തിക്കാട് എന്ന ഗ്രാമം പണ്ട് അറിയപ്പെട്ടിരുന്നത് നല്ല തെങ്ങിന്‍ കള്ള് കിട്ടുന്ന സ്ഥലം എന്ന പേരിലായിരുന്നു. മദ്രാസില്‍ സംവിധാനം പഠിക്കാന്‍ പോയ സമയത്ത് ശങ്കരാടിയെ പരിചയപ്പെട്ടപ്പോള്‍ ആദ്യം ചോദിച്ചത് അന്തിക്കാടന്‍ കള്ളിനെപ്പറ്റിയാണ്. എവിടെ നോക്കിയാലും ചെത്തുകാരെ കാണാമായിരുന്നു. എല്ലാ പുരയിടങ്ങളിലും ചകിരി കൊണ്ട് പട്ട കെട്ടിയ തെങ്ങുകള്‍ കാണാമായിരുന്നു. മായമില്ലാത്ത കള്ളുകിട്ടാന്‍ അന്യദേശത്തുനിന്നുപോലും ആളുകള്‍ അന്തിക്കാട്ടെത്തുമായിരുന്നു. നേരം വെളുത്താല്‍ ചെത്തിയെടുത്ത കള്ള് അളക്കുന്ന സ്റ്റോറുകള്‍ പലയിടത്തും സജീവമായ കാഴ്ചയായിരുന്നു. ശുദ്ധമായ നാട്ടുകള്ളിന്റെ മണമേറ്റാണ് ഞങ്ങളൊക്കെ സ്കൂളുകളില്‍ പോയിരുന്നത്. കള്ളുഷാപ്പിന് മുന്നില്‍ എപ്പോഴും മണിയനീച്ചകള്‍ വട്ടമിട്ടു പറക്കുന്നത് കാണാമായിരുന്നു.
'മണ്ടന്മാര്‍ ലണ്ടനില്‍' എന്ന എന്റെ ആദ്യകാല ചിത്രത്തില്‍ പറവൂര്‍ ഭരതന്‍ ചെത്തുകാരനാണ്. 'മഴവില്‍ കാവടിയി'ലും ചെത്തുകാരനുണ്ട്. ഒടുവില്‍ ഉണ്ണികൃഷ്ണനാണ് ചെത്തുകാരന്‍ കുഞ്ഞാപ്പുവായി വേഷമിട്ടത്. അന്ന് ഒടുവിലിന് വേണ്ടി ചെത്തുകാരന്റെ സാമഗ്രികള്‍ അന്തിക്കാട് നിന്നാണ് കൊണ്ട് പോയത് . എന്റെ അയല്‍വാസിയായിരുന്ന ഷണ്മുഖന്റെ ഉപകരണങ്ങളായിരുന്നു അത്. ഷണ്‍മുഖന്‍ പോലും പിന്നീട് ചെത്ത് ഉപേക്ഷിച്ച് ഗള്‍ഫില്‍ പോയി തിരിച്ചുവന്ന് ക്ഷീരകര്‍ഷകനായി മാറി. വിരലിലെണ്ണാവുന്ന ചെത്തുകാരേ ഈ പഞ്ചായത്തില്‍ ഇപ്പോഴുള്ളൂവെന്ന് ഈയിടെ പറഞ്ഞത് അന്തിക്കാട്ടുകാരനായ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറാണ്.