Latest News

റേവ് പാര്‍ട്ടി' ഷൂട്ടിംഗ് പൂര്‍ത്തിയായി; ചിത്രം ഓഗസ്റ്റ് മുതല്‍ തിയേറ്ററുകളില്‍

Malayalilife
 റേവ് പാര്‍ട്ടി' ഷൂട്ടിംഗ് പൂര്‍ത്തിയായി; ചിത്രം ഓഗസ്റ്റ് മുതല്‍ തിയേറ്ററുകളില്‍

ബൊനഗാനി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ രാജു ബൊനഗാനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'റേവ് പാര്‍ട്ടി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. വ്യത്യസ്തമായ കഥാപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം ഓഗസ്റ്റ് മുതല്‍ തീയറ്ററുകളിലെത്തും. ക്രിയാ സിദ്ധിപ്പള്ളി, റിത്തിക ചക്രബോര്‍ത്തി, ഐശ്വര്യ ഗൗഡ, സുചന്ദ്ര പ്രസാദ്, താരക് പൊന്നപ്പ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐശ്വര്യ ഗൗഡയാണ് നായിക. ജയറാം ഡി ആര്‍, നാരായണസ്വാമി എസ്, ലക്ഷ്മികാന്ത് എന്‍.ആര്‍, സീതാരാമ രാജു ജി എസ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

മൈസൂര്‍, ഉഡുപ്പി, ബാംഗ്ലൂര്‍, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലായി 35 ദിവസങ്ങള്‍കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രം ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും പുറത്തിറങ്ങുന്ന ഒരു പാന്‍-ഇന്ത്യ ചിത്രമായിട്ടാണ് 'റേവ് പാര്‍ട്ടി' എത്തുന്നത്. 

പ്രതീക്ഷ സമയപരിധിക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തെ കുറിച്ച് സംവിധായകന്‍ പറഞ്ഞതിങ്ങനെ, 'സമയപരിധിക്കുള്ളില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ സഹായിച്ച അഭിനേതാക്കളോടും സാങ്കേതിക വിദഗ്ധരോടും ഞാന്‍ നന്ദി പറയുന്നു. ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നു. സാധാരണയായി ഉഡുപ്പി, ഗോവ, തുടങ്ങിയ സ്ഥലങ്ങളില്‍ റേവ് പാര്‍ട്ടികള്‍ ആഘോഷിക്കാറുണ്ട്. റേവ് പാര്‍ട്ടികള്‍ എങ്ങനെ ആരംഭിക്കും ? ആരാണ് ഈ റേവ് പാര്‍ട്ടികളില്‍ ഉള്‍പ്പെടുന്നത് ? ഒരു റേവ് പാര്‍ട്ടി യുവാക്കള്‍ക്ക് എന്ത് ദോഷമാണ് വരുത്തുന്നത് ? തുടങ്ങിയ വിഷയങ്ങളാണ് സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഉള്ളടക്കം യുവാക്കള്‍ക്ക് ഇഷ്ടപ്പെടുമെന്ന ഉറപ്പ് എനിക്കുണ്ട്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ആഗസ്റ്റില്‍ ചിത്രം റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.'

വെങ്കട്ട് മന്നം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം രവികുമാര്‍ കെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ദിലീപ് ബണ്ടാരിയുടെതാണ് സംഗീതം. കലാസംവിധാനം: വെങ്കട്ട് ആരെ, സഹസംവിധായകന്‍: നാഗരാജു ഡി,  കൊറിയോഗ്രഫി: രാജ് പൈഡി, പി.ആര്‍.ഒ: ഹരീഷ് ദിനേശ്, പബ്ലിസിറ്റി ഡിസൈനര്‍: ഭാഗ്യം എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Rave Party wraps up shoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES