ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം മരക്കാര്‍ സിനിമി ഒടിടി റിലീസിന് ഒരുങ്ങുകയാണ്. തിയേറ്റര്‍ ഉടമകളും ആയുള്ള ചര്‍ച്ചകള്‍ ഫലം കണ്ടില്ല. സംസ്‌കാരമില്ലാത്ത ഭാഷകളാണ് ഫിയോക്ക് നേതാക്കള്‍ ഉപയോഗിക്കുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. മോഹന്‍ലാലിനെക്കുറിച്ച് അവര്‍ സംസാരിച്ചത് വളരെ മോശമായിട്ടാണെന്നും പ്രിയദര്‍ശന്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.
പ്രിയദര്‍ശന്‍ പറഞ്ഞത്: 'ഫിയോക്കിലുള്ളവര്‍ യാതൊരു സംസ്‌കാരവുമില്ലാത്ത ഭാഷകളാണ് ഉപയോഗിക്കുന്നത്. മോഹന്‍ലാല്‍ നടന്‍ അല്ല, ബിസിനസുകാരനാണ്. എന്തൊക്കെ വൃത്തികേടുകളാണ് പറയുന്നത്. എല്ലാവരും അല്ല. സംസ്‌കാരമില്ലാത്ത ചിലര്‍. മിനിമം സംസ്‌കാരം കാണിക്കണം അവര്‍. തിയേറ്ററുകളെ ആശ്രയിച്ചും നിര്‍മ്മാതാക്കളെ ആശ്രയിച്ചും നടന്മാരെയും സംവിധായകരെയും ആശ്രയിച്ചാണ് സിനിമാമേഖല നിലനില്‍ക്കുന്നത്. അതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്ചകള്‍ ആവശ്യമാണ്.''
ഠസിനിമാ റിലീസിന് തിയേറ്ററുകാര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ എന്ത് ചെയ്യാം. തിയേറ്റര്‍ റിലീസിന് സമ്മതിക്കാത്തതിലൂടെ അവര്‍ ഇരിക്കുന്ന മരത്തിന്റെ കൊമ്ബ് മുറിക്കുകയാണ് ചെയ്യുന്നത്. കളക്ഷന്റെ കണക്കില്‍ അവസാനമാകുമ്ബോള്‍ നിര്‍മ്മാതാവിനെക്കാള്‍ കൂടുതല്‍ പണം കിട്ടുന്നത് തിയേറ്ററുകാര്‍ക്കാണ്. കോവിഡ് കാലത്ത് എല്ലാവരും സഹിച്ചിട്ടുണ്ട്. തിയേറ്ററുകാര്‍ മാത്രമല്ല. മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലെന്ന് അവര്‍ തന്നെയാണ് പറഞ്ഞത്. മോഹന്‍ലാല്‍ ഇല്ലെങ്കിലും സിനിമ ഓടുമെന്നും അവരാണ് പറഞ്ഞത്. മാന്യമായി സംസാരിക്കുകയാണ് ഇവര്‍ വേണ്ടത്. അവര്‍ വളരെ മോശമായാണ് മോഹന്‍ലാലിനെക്കുറിച്ച് സംസാരിച്ചത്. സംഭവങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആളുകളുടെ മുന്‍പില്‍ കാര്യങ്ങള്‍ പറയുന്നത് കഷ്ടമാണ്. ഇത്തരം ഈഗോകള്‍ ഉണ്ടെങ്കില്‍ സിനിമാ വ്യവസായം രക്ഷപ്പെടില്ല.''
സ്വപ്‌ന സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ വിഷമം
മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ തനിക്ക് വിഷമമുണ്ടെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. പക്ഷെ അതിനെക്കാള്‍ വിഷമമാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിന് പണം നഷ്ടമായാല്ലെന്നും തന്റെ സ്വപ്നം നടക്കാന്‍ വേണ്ടി ആന്റണി റോഡില്‍ നില്‍ക്കുന്നത് കാണാന്‍ ആഗ്രഹമില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
പ്രിയദര്‍ശന്‍ പറഞ്ഞത്: 'വലിയ സ്വപ്നത്തോടെ എടുത്ത സിനിമയാണ് മരക്കാര്‍. കേരളത്തിലുള്ളവര്‍ക്ക് ഇത്രയും വലിയ സിനിമയൊന്നും എടുക്കാന്‍ കഴിയില്ല. എങ്കിലും ഒരു വലിയ റിസ്‌ക് എടുത്തു. ഇതിന് മുമ്ബ് മോഹന്‍ലാല്‍ കാലാപാനി എന്ന സിനിമയെടുക്കാന്‍ റിസ്‌ക്ക് എടുത്തിട്ട് പണം നഷ്ടപ്പെട്ടയാളാണ്. അന്ന് മോഹന്‍ലാല്‍, ഇന്ന് ആന്റണി പെരുമ്ബാവൂര്‍. തീയേറ്റര്‍ മോഹത്തോടെയാണ് ഞാനും മോഹന്‍ലാലും ഈ സിനിമയെടുത്തത്. റിസ്‌കെടുത്ത ഒരാള്‍ ഞാന്‍ കാരണം കുത്തുപാള എടുക്കാന്‍ പാടില്ല. നിര്‍മ്മാതാക്കള്‍ ഉള്ളതുകൊണ്ടാണ് സംവിധായകര്‍ക്ക് സിനിമ എടുക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ ഞാനും മോഹന്‍ലാലും ആന്റണിയുടെ കൂടെയാണ്. എന്റെ സ്വപ്നം നടക്കാന്‍ വേണ്ടി ആന്റണി റോഡില്‍ നില്‍ക്കുന്നത് കാണാന്‍ എനിക്ക് ആഗ്രഹമില്ല. ആരെയും അറിഞ്ഞുകൊണ്ട് റോഡില്‍ ഇറക്കി നിര്‍ത്താന്‍ പാടില്ലല്ലോ.''
''ഈ സിനിമ സ്‌ക്രീനില്‍ കാണണമെന്ന് ഏറ്റവും ആഗ്രഹിച്ചത് മോഹന്‍ലാലും ഞാനുമാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അത്രയും റിസ്‌ക്ക് എടുത്തിട്ടുണ്ട്. 100 കോടിയുടെ സിനിമ ഒരിക്കലും മലയാളത്തില്‍ ചിന്തിക്കാന്‍ പോലും പറ്റില്ല. കാലാപാനി കഴിഞ്ഞിട്ട് 25 വര്‍ഷം എടുത്തു ഇത്തരം വലിയ സിനിമയെടുക്കാന്‍. കാരണം ബജറ്റ് തന്നെയാണ്. എന്നിട്ടും ആന്റണി അതിന് തയ്യാറായി. സ്വന്തം താല്‍പര്യം മാത്രമല്ല. മലയാള മേഖലയിലെ നാഴികകല്ല് കൂടിയാണ് ഈ സിനിമ.''
''ഞാന്‍ കാരണം ഒരു നിര്‍മ്മാതാവും കുത്തുപാള എടുക്കരുതെന്ന ആഗ്രഹം എനിക്കുണ്ട്. ഒരാള്‍ പണം മുടക്കിയാല്‍ മാത്രമേ സിനിമ എടുക്കാന്‍ സാധിക്കൂ. അയാള്‍ വഴിയാധാരമായി പോകാന്‍ ഞാന്‍ ആഗ്രഹിക്കില്ല. നിര്‍മ്മാതാവിന് ദ്രോഹിച്ച് കൊണ്ട് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ എനിക്ക് ആഗ്രഹമില്ല. മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ വിഷമമുണ്ട്. പക്ഷെ അതിനെക്കാള്‍ വിഷമമാണ് ആന്റണിയുടെ കൈയില്‍ നിന്ന് പണം പോയാല്‍. അങ്ങനെയൊരു ശാപം എനിക്ക് വേണ്ട. ഇതോടെ ഒടിടിക്ക് മനസ് തുറന്ന് സമ്മതിക്കുകയായിരുന്നു.''
''ഒടിടിക്ക് വേണ്ടിയും തിയേറ്ററിന് വേണ്ടിയും ഇന്ന് സിനിമ എടുക്കാം. മറ്റ് നാല് മോഹന്‍ലാല്‍ സിനിമകള്‍ എല്ലാം ഒടിടിക്ക് വേണ്ടിയാണെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. പക്ഷെ മരക്കാര്‍ തിയേറ്റര്‍ റിലീസ് മാത്രം ലക്ഷ്യമിട്ട് ചെയ്തതാണ്. ഇത് ഒടിടിക്ക് വേണ്ടിയായിരുന്നെങ്കില്‍ 30 കോടി ബജറ്റില്‍ എടുക്കാന്‍ എനിക്ക് സാധിക്കുമായിരുന്നു.''