കജോളിന്റെ നായകനായി പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തിലൂടെയാണ് താരം എത്തുന്നത്. കജോള്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സെയ്ഫ് അലിഖാന്റെ മകന് ഇബ്രാഹിം ഖാനും അഭിനയിക്കുന്നുണ്ട്. ഇബ്രഹിമിന്റെ അരങ്ങേറ്റ ചിത്രമാണിത്.കരണ്‍ ജോഹാര്‍ ഒരുക്കുന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം തുടങ്ങും.
ആദ്യമായാണ് പൃഥ്വിരാജും കജോളും ഒന്നിക്കുന്നത്. കശ്മീര്‍ തീവ്രവാദത്തെ ആസ്പദമാക്കിയുളള ചിത്രം ഇമോഷണല്‍ ത്രില്ലറായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.കജോളിന്റെ മകന്റെ വേഷത്തിലായിരിക്കും ഇബ്രാഹിം എത്തുക.
അയ്യ, ഔഗംഗസീബ് , നാം ഷബാന എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ സെല്‍ഫിയുടെ സഹനിര്‍മാതാവായിരുന്നു പൃഥ്വിരാജ്. കരണ്‍ ജോഹറാണ് ചിത്രം നിര്‍മിച്ചത്. ഇപ്പോള്‍ അക്ഷയ് കുമാറും ജാക്കി ഷറോഫും അഭിനയിക്കുന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന സിനിമയിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.