ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നൂറിന്‍ ഷെരീഫ്. നൂറിന്റേതായി ഒരു അഡാര്‍ ലൗ , ധമാക്ക രണ്ടേരണ്ട് സിനിമകളേ റിലീസായിട്ടുള്ളൂ എങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയായി നൂറിന്‍ മാറി. നിരവധി ചിത്രങ്ങള്‍ നടിയുടേതായി ഇനി പുറത്തിറങ്ങാനുണ്ട്. നൂറിന്റെ മുഖത്ത് ഒരിക്കല്‍ ഉദ്ഘാടനത്തിന് പോയപ്പോള്‍ പരുക്ക് പറ്റിയത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ സംഭവം വീണ്ടും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
നൂറിന്റെ വാക്കുകള്‍ ഇങ്ങനെ, മഞ്ചേരിയില്‍ ഒരുവര്‍ഷം മുന്‍പ് ഒരു ഉദ്ഘാടനത്തിന് പോയതാണ് ഞാന്‍. നാല് മണിക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. സാധാരണ നിശ്ചിതസമയത്തിനും കുറച്ച് വൈകിയാവും ഉദ്ഘാടനം നടക്കുക. ഉദ്ഘാടനം ചെയ്യപ്പെടുന്ന ഷോപ്പിന്റെ ഉടമകളുടെ ഒരു ടെക്‌നിക്കാണിത്. നേരം വൈകുന്തോറും കാണാന്‍ വരുന്നവരുടെ എണ്ണം കൂടും. മഞ്ചേരിയില്‍ മെയിന്‍ റോഡിലായിരുന്നു ആ ഷോപ്പ്. നാലുമണിക്ക് തന്നെ ഞാനവിടെ ഹോട്ടലിലെത്തിയിരുന്നു. ഷോപ്പുകാര് കുറച്ച് വൈകി ഇറങ്ങിയാല്‍ മതിയെന്ന് എന്നോട് പറഞ്ഞിരുന്നു. നാല് മണികഴിഞ്ഞ് അഞ്ച് മണിയായി, ആറ് മണിയായി.
മെയിന്‍ റോഡായിരുന്നതുകൊണ്ട് അവിടെ നേരത്തെ തന്നെ ആള് കൂടിയിരുന്നു. റോഡ് ബ്‌ളോക്കായി . ഞാനവിടെ ചെല്ലുമ്‌ബോള്‍ ഇരുട്ട് വീണ് തുടങ്ങിയിരുന്നു. സ്റ്റേജിലും പരിസരത്തും സെക്യൂരിറ്റിക്കുള്ള നാലോ അഞ്ചോ ബൗണ്‍സണ്‍മാര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. സ്റ്റേജിലേക്ക് കയറുന്നതിനിടയില്‍ തിരക്കില്‍പ്പെട്ട് ആരുടെയോ കൈ എന്റെ മൂക്കില്‍ കൊണ്ടു. ഇടി കിട്ടിയതാണെന്നാണ് ഞാന്‍ കരുതിയത്. പിന്നീട് വീഡിയോ കണ്ടപ്പോഴാണ് അബദ്ധത്തില്‍ ആരുടെയോ കൈ കൊണ്ടതാണെന്ന് മനസിലായത്. മൂക്കില്‍ നിന്ന് ചോര വരുന്നപോലെ തോന്നിയപ്പോള്‍ ഞാന്‍ കരഞ്ഞു. അങ്ങനെ ഒരവസരത്തില്‍ ആരാണ് കരയാത്തത്.
എനിക്ക് മൂക്കിന് നേരത്തെ തന്നെ ഒരു പ്രശ്‌നമുണ്ട്. ഞാന്‍ സംസാരിക്കുന്നത് കേള്‍ക്കുമ്‌ബോള്‍ത്തന്നെ ആര്‍ക്കും അത് മനസിലാകും. ജന്മനാ എനിക്കാ പ്രശ്‌നമുണ്ട്. മൂക്കിന്നിടികൊണ്ടു, കരഞ്ഞുവെന്നതൊക്കെ പലരും ട്രോളാക്കി. അതാണ് എന്നെ കൂടുതല്‍ വേദനിപ്പിച്ചത്.