Latest News

200 കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ നടി കുടുങ്ങും; സുകേഷിന്റെ സമ്മാനങ്ങള്‍ കള്ളപ്പണമെന്ന് അറിയാമായിരുന്നു; അന്വേഷണത്തോട് സഹകരിച്ചില്ല; കുറ്റകൃത്യത്തിന്റെ ഗുണഭോക്താവെന്ന് ഇ ഡി വാദത്തിന് അംഗീകാരം; മാപ്പുസാക്ഷിയാകാനുള്ള ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ അപേക്ഷ തള്ളി

Malayalilife
200 കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ നടി കുടുങ്ങും; സുകേഷിന്റെ സമ്മാനങ്ങള്‍ കള്ളപ്പണമെന്ന് അറിയാമായിരുന്നു; അന്വേഷണത്തോട് സഹകരിച്ചില്ല; കുറ്റകൃത്യത്തിന്റെ ഗുണഭോക്താവെന്ന് ഇ ഡി വാദത്തിന് അംഗീകാരം; മാപ്പുസാക്ഷിയാകാനുള്ള ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ അപേക്ഷ തള്ളി

തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് തലയൂരാനുള്ള നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി. കേസില്‍ മാപ്പുസാക്ഷിയാകാന്‍ നടി നല്‍കിയ അപേക്ഷ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കോടതിയില്‍ തള്ളി. നടി വെറുമൊരു ഇരയല്ലെന്നും കുറ്റകൃത്യത്തിലൂടെ സുകേഷ് സമ്പാദിച്ച കോടികളുടെ പ്രധാന ഗുണഭോക്താവാണെന്നുമാണ് ഇ ഡി കോടതിയില്‍ തുറന്നടിച്ചത്. 

താന്‍ വഞ്ചിക്കപ്പെട്ടതാണെന്നും സുകേഷിന്റെ സമ്മാനങ്ങള്‍ ക്രിമിനല്‍ സമ്പാദ്യമാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് ജാക്വിലിന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ വാദത്തിന്റെ മുന ഒടിക്കുന്ന തെളിവുകളാണ് ഇ ഡി നിരത്തിയത്. സുകേഷിന്റെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് നടിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് കോടിക്കണക്കിന് രൂപയുടെ വിലയേറിയ സമ്മാനങ്ങള്‍ ജാക്വിലിന്‍ കൈപ്പറ്റിയത്. സുകേഷുമായി നടി നടത്തിയ നിരന്തരമായ ആശയവിനിമയങ്ങളില്‍ നിന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും ഇ ഡി ചൂണ്ടിക്കാട്ടി.

മാപ്പുസാക്ഷിയാകാന്‍ അപേക്ഷ നല്‍കിയെങ്കിലും നടി ഇതുവരെ അന്വേഷണത്തോടോ ചോദ്യം ചെയ്യലിനോടോ പൂര്‍ണ്ണമായി സഹകരിച്ചിട്ടില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു. പലപ്പോഴും സത്യസന്ധമായ മൊഴി നല്‍കാന്‍ നടി വിസമ്മതിച്ചു. നടിക്കെതിരെ കേസില്‍ കൃത്യമായ തെളിവുകളുണ്ടെന്നും അതിനാല്‍ അവരെ മാപ്പുസാക്ഷിയാക്കി വിട്ടയക്കാന്‍ കഴിയില്ലെന്നുമാണ് ഇ ഡി നിലപാട്. ഇ ഡിയുടെ ഈ കടുത്ത നിലപാടില്‍ ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്കുള്ളില്‍ മറുപടി നല്‍കാന്‍ കോടതി നടിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്ത കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ ജയിലിലായത്. സുകേഷിന്റെ ഭാര്യയും മലയാളി നടിയുമായ ലീന മരിയ പോളും കേസില്‍ കുടുങ്ങിയിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് ജാക്വിലിനുമായുള്ള സുകേഷിന്റെ ബന്ധം പുറത്തുവന്നതും നടിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. ബോളിവുഡിലെ ഗ്ലാമര്‍ താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഇനി നിയമപോരാട്ടത്തിന്റെ കഠിനമായ നാളുകളാണ് വരാനിരിക്കുന്നത്. ഇ ഡി കൈമലര്‍ത്തിയതോടെ കോടതിയുടെ നിലപാടായിരിക്കും നടിയുടെ ഭാവി നിശ്ചയിക്കുക. തട്ടിപ്പുവീരന്റെ ചതിക്കുഴിയില്‍ വീണതാണോ അതോ അറിഞ്ഞുകൊണ്ട് ലാഭം കൊയ്തതാണോ എന്നതില്‍ വിധി വൈകാതെ വരും.

ED rejects Jacqueline Fernandez plea

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES