രജനികാന്ത് അതിഥി വേഷത്തില്‍ എത്തുന്ന 'ലാല്‍ സലാം'ലെ 'തേര്‍ തിരുവിഴ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. വിവേക് വരികള്‍ ഒരുക്കിയ ഗാനം ശങ്കര്‍ മഹാദേവന്‍, എ ആര്‍ റൈഹാന, ദീപ്തി സുരേഷ്, യോഗി ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. എ ആര്‍ റഹ്മാന്‍ സംഗീതം പകരുന്ന ഗാനം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു.
രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്താണ് 'ലാല്‍ സലാം' സംവിധാനം ചെയ്യുന്നത്. വിഷ്ണു വിശാലും വിക്രാന്തുമാണ് നായകന്മാര്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയം. അതിലുപരി മറ്റു ചില വിഷയങ്ങള്‍കൂടി സിനിമ സംസാരിക്കുന്നുണ്ട്.
'മൊയ്ദീന്‍ ഭായ്' എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് രജനികാന്ത് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വിഷ്ണു രംഗസ്വാമിയുടേതാണ് കഥയും സംഭാഷണങ്ങളും. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിലായ് 2024 പൊങ്കല്‍ ദിനത്തില്‍ ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ തമിഴ്നാട്ടിലെ വിതരണാവകാശം റെഡ് ജയന്റ് സ്റ്റുഡിയോസാണ് സ്വന്തമാക്കിയിരിക്കുന്നത്.
'3', 'വൈ രാജ വൈ' എന്നീ ചിത്രങ്ങള്‍ക്കും 'സിനിമാ വീരന്‍' എന്ന ഡോക്യുമെന്ററിക്കും ശേഷം 8 വര്‍ഷം കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണ് 'ലാല്‍ സലാം'.
ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീണ്‍ ഭാസ്‌കര്‍, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനല്‍ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലന്‍, പിആര്‍ഒ: ശബരി.