തന്റേതായ നിലപാടുകളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടനാണ് ഹരീഷ് പേരടി. പറയേണ്ടത് ആര്‍ക്കെതിരെയാണെങ്കിലും അത് പേരടി കൃത്യമായി ഫേസ്ബുക്കില്‍ കുറിച്ചിരിക്കും. ഇന്നലെയാണ് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനായും കനി കുസൃതിയെ നടിയായും തെരെഞ്ഞെടുത്തിരുന്നു. പല മേഖലയിലും അവാര്‍ഡുകള്‍ നല്‍കപ്പെട്ടപ്പോള്‍ ബെസ്റ്റ് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് ലഭിച്ചത് മലയാളികളുടെ പ്രിയ നടന്‍ വിനീതിനാണ്. ലൂസിഫര്‍ എന്ന ചിത്രത്തില്‍ ബോബിയായി എത്തിയ വിവേക് ഒബ്‌റോയിയുടെ കഥാപാത്രത്തിനാണ് വിനീത് ശബ്ദം നല്‍കിയത്. പ്രതീക്ഷിക്കാതെ ലഭിച്ച അവാര്‍ഡിന്റെ എല്ലാ ക്രഡിറ്റും വിനീത് പൃഥ്വിരാജിനാണ് നല്കിയിരുന്നത്.
ഇപ്പോഴിതാ വിനീതിന്റെ അവാര്‍ഡ് നേട്ടത്തില്‍ താന്‍ അഭിനന്ദനം അറിയിച്ചപ്പോള്‍ തിരിച്ച് കിട്ടിയ മറുപടിയെപറ്റി വാചാലനായിരിക്കയാണ് ഹരീഷ് പേരടി.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് പേരടി തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. നടന്‍ വിനീതിന് ആശംസകള്‍ മെസേജിലൂടെ അറിയിച്ചതിനെ കുറിച്ചാണ് ഹരീഷ് പേരടി പറഞ്ഞിരിക്കുന്നത്. കലാകാരന്‍ ആവാന്‍ അവാര്‍ഡ് മാത്രം പോരാ, മനുഷ്യത്വം കൂടി വേണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു അതെന്ന് ഹരീഷ് പേരടി കുറിച്ചു.
'അവാര്‍ഡ് കിട്ടിയതിന് ഒരു കണ്‍ഗ്രാറ്റ്‌സ് മെസേജ് അയച്ചപ്പോള്‍ നാല്‍പത് വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞാടിയ വിനീത് തനിക്ക് മറുപടി തന്നു'വെന്നും ഹരീഷ് കുറിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്. 'സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഞാന്‍ അവാര്‍ഡ് കിട്ടിയതിന് ഒരു കണ്‍ഗ്രാറ്റ്‌സ് മെസേജ് അയച്ചപ്പോള്‍ നാല്‍പത് വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞാടിയ വിനീത് എനിക്ക് മറുപടി തന്നു. കലാകാരന്‍ ആവാന്‍ അവാര്‍ഡ് മാത്രം പോരാ. മനുഷ്യത്വം കൂടി വേണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന നിമിഷങ്ങള്‍.'എന്നാണ് ഹരീഷ് കുറിച്ചത്.