തിരുവനന്തപുരം: തന്റെ ഉറ്റ സുഹൃത്തായിരുന്ന ഇന്നസെന്റിനെ കാണാന്‍ മോഹന്‍ലാല്‍ ഇന്ന് രാജസ്ഥാനിലെ ഷൂട്ടിങ് തിരക്കുകളില്‍ നിന്നുമാണ് പറന്നെത്തിയത്. ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മോഹന്‍ലാല്‍ അന്ത്യോപചാരം അര്‍പ്പിച്ചത്. ഇരിങ്ങാലക്കുട ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ഇന്നസെന്റിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.
അതേസമയം ഇന്നലെ ഇന്നസെന്റ് മരിച്ചുവെന്ന വാര്‍ത്ത അറിഞ്ഞ ശേഷവും മോഹന്‍ലാല്‍ ഷൂട്ടിങ് തിരക്കിലായിരുന്നു. ലിജോ ജോസ് പല്ലിശേരിയുടെ മലൈക്കോട്ടെ വാലിബന് സിനിമയുടെ ഷൂട്ടിങ് തിരക്കിലായിരുന്നു ലാല്‍. ഇവിടെ എല്ലാവരും തയ്യാറായിരിക്കവേയാണ് മോഹന്‍ലാല്‍ ഇന്നസെന്റിന്റെ മരണ വാര്‍ത്ത അറിഞ്ഞതും. ഇതേക്കുറിച്ച് മോഹന്‍ലാല്‍ തന്നോട് വിവരിച്ചത് എങ്ങനെയെന്ന് വിവരിച്ചു കൊണ്ട് നടന് ഹരീഷ് പേരടി രംഗത്തുവന്നു. സിനിമയെന്ന സ്വപനത്തെ യാഥാര്‍ത്ഥ്യങ്ങളില്‍ എത്തിക്കാന്‍ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന..താന്‍ കണ്ടവെന്നാണ് ഹരീഷ് കുറിക്കുന്നത്.
കഥാപാത്രത്തിന്റെ മുഴുവന്‍ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടന് ഇന്നസെന്റ് മരിച്ച വിവരം അറിയിച്ചുവെന്നാണ് ഹരീഷ് കുറിക്കുന്നത്. ..'ഇന്നസെന്റേട്ടന് പോയി...വാര്‍ത്ത ഇപ്പോള്‍ പുറത്തുവരും...ഞാന്‍ പാട്ട് പാടി കഥാപാത്രമാവാന്‍ പോവുകയാണ് എന്നു പറഞ്ഞ് അഭിനയ വഴിയില്‍ നീങ്ങുകയാണ്. ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേര് ചിത്രമാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ:
ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേര് ചിത്രമാണ്...ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടന് രാജസ്ഥാനില്‍ എത്തുന്നത്..ആയിരത്തോളം കലാകാരന്മാര് പങ്കെടുക്കുന്ന ഒരുഗാനരംഗം..കഥാപാത്രത്തിന്റെ മുഴുവന്‍ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടന് എന്നോട് സ്വകാര്യമായി പറഞ്ഞു..'ഇന്നസെന്റേട്ടന് പോയി...വാര്‍ത്ത ഇപ്പോള്‍ പുറത്തുവരും...ഞാന്‍ പാട്ട് പാടി കഥാപാത്രമാവാന്‍ പോവുകയാണ് '..സിനിമയെന്ന സ്വപനത്തെ യാഥാര്‍ത്ഥ്യങ്ങളില്‍ എത്തിക്കാന്‍ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന...ഒരുപാട് ഓര്‍മ്മകള്‍ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാന്‍ ഇല്ലാതെ ഞാന്‍ ഒരു പ്രതിമയെ പോലെ നോക്കിനിന്നു...പുലര്‍ച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാന്‍ കൊച്ചിയിലേക്ക്..ഇന്നസെന്റ് സാര്‍...ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാന്‍ ആഗ്രഹിക്കും..കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങള്‍ ഉണ്ടാക്കിയ ചിന്തകള്‍ അത്രയും വലുതാണ്...പകരം വെക്കാനില്ലാത്തതാണ് ...സ്നേഹത്തോടെ...
നേരത്തെ ഇന്നസെന്റിനെ അനുസ്മരിച്ച് മോഹന്‍ലാല്‍ രാവിലെ ഹൃദയഹാരിയായ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. പോയില്ല എന്നു വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നതെന്ന് മോഹന്‍ലാല്‍ കുറിച്ചു.
'ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്.' മോഹന്‍ലാലിന്റെ വാക്കുകള്‍.
ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും എന്നുപറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിച്ചത്. കൊച്ചിയിലെ വി.പി.എസ്. ലേക്ഷോര് ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ഹ്രസ്വമായ അമേരിക്കന്‍യാത്ര കഴിഞ്ഞെത്തിയ ഇന്നസെന്റ് മൂന്നാഴ്ചയോളമായി ന്യുമോണിയയും മറ്റസുഖങ്ങളും ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം ഐസൊലേഷന്‍ വാര്‍ഡിലും പിന്നീട് ഐ.സി.യു.വിലുമായിരുന്നു. ഞായറാഴ്ച രാത്രിയോടെ നില വഷളാവുകയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10-ന് ഇരിങ്ങാലക്കുട സെയ്ന്റ് തോമസ് കത്തീഡ്രലില്‍ നടക്കും.