ജിതു മാധവന് സംവിധാനം ചെയ്യുന്ന ആവേശം എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ചിത്രീകരണം ബാംഗ്ളൂരുവില്‍ ആരംഭിച്ചു. നസ്രിയ വീണ്ടും ഫഹദിന്റെ നായികയായി എത്തുന്നു എന്ന് റിപ്പോര്‍ട്ട് ആദ്യം മുതല്‍ എത്തുന്ന ചിത്രം കൂടിയാണിത്.
ഇപ്പോള്‍ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരങ്ങളായ മന്‍സൂര്‍ അലിഖാനും ആശിഷ് വിദ്യാര്‍ത്ഥിയും എത്തുമെന്ന റിപ്പോര്ട്ട്ാണ് പുറത്ത് വരുന്നത്. ഒന്നാം ഘട്ട ചിത്രീകരണം പൂര്‍ത്തിയായ ആവേശത്തിന്റെ അടുത്ത ഷെഡ്യൂളില്‍ ഇരുവരും ജോയിന്‍ ചെയ്യും. കാമ്പസ് പശ്ചാത്തലത്തില്‍ കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ വേറിട്ട ലുക്കില്‍ ആണ് ഫഹദ് ഫാസില്‍ എത്തുന്നത്.
അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ്സും നസ്രിയയും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന് സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുശിന്‍ ശ്യാം ആണ് സംഗീത സംവിധാനം.രോമാഞ്ചം എന്ന ചിത്രത്തിനു ശേഷം ജിതു മാധവന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. രോമാഞ്ചത്തിനു സംഗീതം ഒരുക്കിയതും സുശിന്‍ ശ്യാം ആയിരുന്നു.
അതേ സമയം ഇടവേളയ്ക്കു ശേഷം മന്‍സൂര്‍ അലിഖാന് മലയാളത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. സുരേഷ് ഗോപിയുടെ പൊന്നുച്ചാമി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ മന്‍സൂര്‍ അലിഖാന് സുഖം സുഖകരം, ഹൈജാക്ക്, കിണ്ണംകട്ട കള്ളന്, മാന്‍ ഒഫ് ദ മാച്ച്, ജനനായകന്, റെഡ് ഇന്ത്യന്‍സ്, സത്യം ശിവം സുന്ദരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. വിജയ്യുടെ ലോകേഷ് കനകരാജ് ചിത്രം ലിയോയില്‍ മന്‍സൂര്‍ അലിഖാന് അഭിനയിക്കുന്നുണ്ട്. ബോളിവുഡിലും തെന്നിന്ത്യയിലും മലയാളത്തിലും സജീവമായ ആശിഷ് വിദ്യാര്‍ത്ഥി ആവേശത്തില്‍ പ്രധാന വേഷത്തിലാണ് എത്തുന്നത്. സി.ഐ.ഡി മൂസ, ചെസ്, ഡാഡി കൂള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന് ഏറെ പരിചിതനാണ്.