മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് സിദ്ധീഖ്. മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റ് സിനിമകള്‍ പിന്നീട് നടനായി മാറിയ ലാലിനൊപ്പ്ം ചേര്‍ന്നും ഒറ്റയ്ക്കുമൊക്കെ ഒരുക്കിയിട്ടുണ്ട് സിദ്ധീഖ്. ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍ എന്നീ സിനിമകള്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തതും സിദ്ധീഖ് ആയിരുന്നു. ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഈ സിനിമകളുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു സിദ്ധീഖ്.
ഹിറ്റ്‌ലര്‍ സിനിമയിലെ ഒരു രംഗമായിരുന്നു സ്‌ക്രീനില്‍ സിദ്ധീഖിനായി കാണിച്ചത്. ചിത്രത്തിലെ ജഗദീഷ് അവതരിപ്പിച്ച ഹൃദയഭാനു എന്ന കഥാപാത്രം മമ്മൂട്ടിയുടെ സഹോദരിയെ നോക്കി ആംഗ്യം കാണിക്കുകയും ഇത് മമ്മൂട്ടി കാണുകയും ചെയ്യുന്ന കോമഡി രംഗമായിരുന്നു കാണിച്ചത്. പിന്നാലെ ഈ കഥാപാത്രത്തിന്റെ ജനനത്തെക്കുറിച്ചും ആ രംഗത്തെക്കുറിച്ചും സിദ്ധീഖ് വെളിപ്പെടുത്തിയത്. സംഭവങ്ങളൊക്കെ നമ്മുടെ ജീവിതത്തില്‍ നടന്നിട്ടുള്ളതാണ്. ഒരു ദിവസം ഞങ്ങളുടെ ഗ്യാങ് ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ സുന്ദരിയായൊരു പെണ്‍കുട്ടിയും അവളുടെ സഹോദരനും അവിടേക്ക് വന്നു. അപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലെ ഒരു സുന്ദരന്‍ അവളെ നോക്കി തല കൊണ്ട് ആംഗ്യം കാണിച്ചു. അപ്പോള്‍ തന്നെ അവളുടെ സഹോദരന്‍ തിരിഞ്ഞു നോക്കി. അയാള്‍ കണ്ടുവെന്ന് ഇവനും മനസിലായി. ഞങ്ങള്‍ക്കും മനസിലായി. എല്ലാവര്‍ക്കും മനസിലായി. അയാള്‍ ഇടയ്ക്ക് ഇടയ്ക്ക് ഇവനെ തന്നെ നോക്കും. അപ്പോഴൊക്കെ ഇവന്‍ തല കൊണ്ട് ആംഗ്യം കാണിക്കും. ഒടുവില്‍ ഇവനെന്തോ ഞരമ്പ് രോഗം ആണെന്ന് കരുതി അയാള്‍ പോയി. ആ സംഭവമാണ് ഇത്. സിദ്ധീഖ് പറയുന്നു.
അങ്ങനെയൊക്കെ നമ്മള്‍ ചെയ്തിട്ടുണ്ട്. അതൊക്കെ തന്നെയാണ് ജീവിതം. അതൊക്കെ തന്നെയാണ് സിനിമയും. ഞാന്‍ എപ്പോഴും എനിക്ക് അറിയുന്നവരെക്കുറിച്ചും അറിയുന്ന പരിസരങ്ങളെക്കുറിച്ചും സിനിമ ചെയ്യുന്നയാളാണ്. എനിക്ക് പരിചയമില്ലാത്ത ആളുകളെക്കുറിച്ച് ഞാന്‍ എങ്ങനെ കഥയുണ്ടാക്കാനാണെന്നും സിദ്ധീഖ് പറയുന്നു. പിന്നാലെ മമ്മൂട്ടിയുമായി സിനിമകള്‍ ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ക്രോണിക് ബാച്ചിലര്‍ ചെയ്യുമ്പോള്‍ മമ്മൂക്ക ഡൗണ്‍ ആയിട്ട് ഇരിക്കുവാണല്ലോ, ഹിറ്റ്‌ലറിന്റെ സമയത്തും അതെ. മമ്മൂക്ക ഒരിക്കലും എഴുതിത്തള്ളാന്‍ സാധിക്കുന്ന നടനല്ല. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് എന്നൊരു സാധനമുണ്ട്. ഇപ്പോള്‍ ഇറങ്ങിയ ഒന്നോ രണ്ടോ സിനിമകളുടെ പേരിലാണോ മമ്മൂക്കയെ വിലയിരുത്തേണ്ടത്. ഇനിയും ഉണ്ട് മമ്മൂക്കയില്‍ നിന്നും എന്നായിരുന്നു സിദ്ധീഖ് പറയുന്നത്.
പിന്നാലെ സിദ്ധീഖിനാണ് എങ്ങനെയാണ് ഇത്രമാത്രം സിമ്പിള്‍ ആകാന്‍ സാധിക്കുന്നതെന്ന് നടി പത്മപ്രിയ ചോദിക്കുകയായിരുന്നു. ഇതിന് സിദ്ധീഖ് നല്‍കിയ മറുപടി ഞാന്‍ ഇങ്ങനെയാണ്. എനിക്ക് ഇങ്ങനെയാകാനേ പറ്റുകയുള്ളൂവെന്നായിരുന്നു. അല്ലാതെ ഞാന്‍ മനപ്പൂര്‍വ്വം ചെയ്യുന്നതല്ല. മനപ്പൂര്‍വ്വം ആണെന്ന് ആരെങ്കിലും പറഞ്ഞാലും എനിക്ക് ഇങ്ങനെയെ ആകാന്‍ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ വന്ന ഗിന്നസ് പക്രു സിദ്ധീഖിന്റെ ക്ഷമയെ പ്രശംസിക്കുകയായിരുന്നു ചെയ്തത്. പിന്നാലെ സീദ്ധീഖിനോട് ഒരാള്‍ ലുട്ടാപ്പിയുടെ കഥ പറയാന്‍ വന്നതിനെക്കുറിച്ചും പക്രു ഓര്‍മ്മിപ്പിച്ചു. ഈ കഥയും പിന്നാലെ സിദ്ധീഖ് തുറന്നു പറയുന്നുണ്ട്.
ഒരാള്‍ ഒരു പുതിയ കഥയാണെന്ന് പറഞ്ഞ് വരികയായിരുന്നു. ഞാന്‍ പറഞ്ഞു, ഞാന്‍ പുറത്തു നിന്നും കഥയെടുക്കാറില്ലെന്ന്. സര്‍ ഇതൊന്ന് കേള്‍ക്കണം. ഇതുവരെ ചെയ്യാത്ത കഥയാണ്. സര്‍ കേട്ടിട്ട് അഭിപ്രായം പറഞ്ഞാ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് കേള്‍ക്കാനിരിക്കുന്നത്. എന്നിട്ട് പുള്ളി പറയുന്നത് ലുട്ടാപ്പിയേയും മായാവിയേയും കുട്ടൂസിനേയും സിനിമയില്‍ കൊണ്ടു വരുന്നതാണ്. ഞാന്‍ ചോദിച്ചു ഇതിലെന്താണ് പുതുമയെന്ന്. സര്‍ ഇതൊക്കെ നമ്മള്‍ ചിത്രകഥയില്‍ വായിച്ചതേയുള്ളൂവെന്നും സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അയാള്‍ പറഞ്ഞു. അതൊക്കെ ശരിയാണെങ്കിലും ഇങ്ങനത്തെ കഥയല്ല ആളുകള്‍ക്ക് വേണ്ടതെന്ന് അയാളോട് പറഞ്ഞു. സിദ്ധീഖ് പറയുന്നു.
ഇനി ഇത്തരം കഥകള്‍ ആരോടും പറയരുതെന്നും ഇല്ലെങ്കില്‍ നമ്മളുടെ വില പോകുമെന്നും ഞാന്‍ അയാളോട് പറഞ്ഞു. ഇനി കഥ ആദ്യം നിങ്ങളുടെ സുഹൃദ് വലയത്തില്‍ പറയണമെന്നും അവര്‍ നല്ലതാണെന്ന് പറയുകയാണെങ്കില്‍ മാത്രം മറ്റുള്ളവരോട് പറഞ്ഞാല്‍ മതിയെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ താന്‍ തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും അവരൊക്കെ നല്ല കഥയാണെന്ന് പറഞ്ഞതിനാലാണ് താന്‍ സറിനോട് പറയാന്‍ വന്നതെന്നുമായി അയാള്‍. നിങ്ങളുടെ സുഹൃത്തുക്കള്‍ നല്ല സുഹൃത്തുക്കളല്ലെന്നും അവര്‍ നിങ്ങളെ ചതിക്കുകയായിരുന്നുവെന്നും ഞാന്‍ അയാളോട് പറഞ്ഞു, എന്നും സിദ്ധീഖ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.