മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധയകനാണ് ജിയോ ബേബി. സോഷ്യൽ മീഡിയയിൽ ഏറെ സുപരിചിതനായ അദ്ദേഹം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ ഇഡി നടപടിയ്‌ക്കെതിരെ പ്രതികരിച്ച് കൊണ്ട് സംവിധായകൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഇ ഡി ഒരു ലക്ഷണമൊത്ത സംഘപരിവാര്‍ ഏജന്‍സിയാണെന്നും രാജ്യത്തിന്റെ പ്രതിപക്ഷത്തിന് നേരെ ഉയരുന്നത് ബോധപൂര്‍വ്വമായ ഫാസിസ്റ്റ് വേട്ടയാണെന്നും പ്രതിരോധനത്തിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ചേരണമെന്നും അദ്ദേഹം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറയുകയാണ്.
‘കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഇ ഡി യെ ഉപയോഗിച്ച് ബിജെപി നടത്തുന്ന വേട്ടയില്‍ സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുകയാണ്.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മുപ്പതോളം മണിക്കൂറുകള്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തിരിക്കുകയാണ് ..
തങ്ങളെ എതിര്‍ക്കുന്നവരെ മുഴുവന്‍ ഇ ഡി യെ ക്കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുക എന്ന ഹീന രാഷ്ട്രീയമാണ് സംഘപരിവാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിപക്ഷത്തിന് നേരേ ഉയരുന്ന ഈ ബോധപൂര്‍വ്വമായ ഫാസിസ്റ്റ് വേട്ടയെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സകലരും ചേര്‍ന്ന് പ്രതിരോധിക്കേണ്ടതുണ്ട്. ഇ ഡി ഒരു ലക്ഷണമൊത്ത സംഘ പരിവാര്‍ ഏജന്‍സിയാണ്’.