ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനുളള ഒരുക്കത്തിലാണ് ബോളിവുഡ് താരദമ്പതികളായ രണ്‍വീര്‍സിങ്ങും ദീപിക പദുക്കോണും. കഴിഞ്ഞ വര്‍ഷം നവംബര്‍ 14 ന് ഇറ്റലിയില്വച്ചാണ് ഇരുവരും വിവാഹിതരായത്. ഒന്നാം വിവാഹ വാര്‍ഷികം ആഡംബരങ്ങളും ആഘോഷങ്ങളും മാറ്റി വച്ച് ദൈവാനുഗ്രഹം തേടാനായി ആണ് താരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് ത്ന്നെ പുറത്ത് വരുന്ന സൂചനയനുസരിച്ച് ഇന്നും നാളെയും താരങ്ങള്‍ ഇരുവരും തീര്ത്ഥാടനത്തിലായിരിക്കും
ഇന്ന് തിരുപ്പതി ക്ഷേത്രത്തിലും പദ്മാവതി ക്ഷേത്രത്തിലും ദര്‍ശനം നടത്തും. തുടര്‍ന്ന് നാളെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കും. അന്നേ ദിവസം തന്നെ കുടുംബാംഗങ്ങള്‍ക്കൊപ്പം മുംബൈയിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്‍വീറും ദീപികയും ഇന്ന് വിമാനത്താവളത്തില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിരുപ്പതിയിലേക്കുളള യാത്രയ്ക്കായാണ് ഇരുവരും വിമാനത്താവളത്തിലെത്തിയതെന്നാണ് വിവരം.
നേരത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ രണ്‍വീര്‍ സിങ്ങിന്റെ ഒരുക്കത്തെക്കുറിച്ച് ആരാധകരോട് ദീപിക പങ്കുവച്ചിരുന്നു. രണ്‍വീര്‍ മുഖത്ത് ഫെയ്സ് മാസ്ക് ഇട്ടിരിക്കുന്നതിന്റെ ചിത്രമാണ് ദീപിക പങ്കുവച്ചത്. ആദ്യ വിവാഹ വാര്‍ഷിക ആഘോഷത്തിനായുളള ഒരുക്കം എന്ന ക്യാപ്ഷനോടെയാണ് ദീപിക ചിത്രം പങ്കുവച്ചത്.
രണ്‍വീറും ദീപികയും ഏഴു വര്‍ഷത്തെ ഡേറ്റിങ്ങിനുശേഷമായിരുന്നു വിവാഹം ചെയ്തത്. നവംബര്‍ 14 ന് കൊങ്ങിണി ചടങ്ങിലും 15 ന് പഞ്ചാബി രീതിയിലുമാണ് വിവാഹം നടന്നത്. കാബിര് ഖാന് സംവിധാനം ചെയ്യുന്ന '83' എന്ന ചിത്രത്തിലാണ് ഇരുവരും വിവാഹശേഷം ഒന്നിച്ച് അഭിനയിക്കുന്നത്. 1983 ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയത്തെക്കുറിച്ചുളളതാണ് സിനിമ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ വേഷത്തിലാണ് രണ്‍വീര്‍ ചിത്രത്തിലെത്തുന്നത്. കപില്‍ ദേവിന്റെ ഭാര്യ റോമിയുടെ വേഷമാണ് ദീപികയ്ക്ക്. 'റാം ലീല', 'ബജ്റാവോ മസ്താനി', 'പദ്മാവത്', 'ഫൈന്‍ഡിങ് ഫന്നി' എന്നീ ചിത്രങ്ങളില്‍ ഇരുവരും വിവാഹത്തിനു മുന്‍പ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.