ധ്യാന്‍ ശ്രീനിവാസന്, ദുര്‍ഗ കൃഷ്ണ,ഇന്ദ്രന്‍സ്,, ജൂഡ് ആന്റണി ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദനന് സംവിധാനം ചെയ്ത ഉടല് എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും. ഇന്ദ്രന്‍സിന്റെ വേറിട്ട പ്രകടനത്തിലൂടെയും ദുര്‍ഗകൃഷ്ണയുടെ ഇന്റിമേറ്റ് രംഗങ്ങളിലൂടെയും ചിത്രത്തിന്റെ ടീസര്‍ ഇതിനകം തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ ചിത്രീകരണ വിശേഷങ്ങള്‍ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുകയാണ് ദുര്‍ഗ കൃഷ്ണ.
ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതിന്റെ ത്രില്ല് നാളുകള്‍ കഴിഞ്ഞിട്ടും മാറിയില്ലെന്ന് താരം പറയുന്നു.. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചത് താന്‍ തന്നെയാണെന്നും ദുര്‍ഗ കൃഷ്ണ വെളിപ്പെടുത്തി. ആ കഥാപാത്രം അങ്ങനെയൊരാളാണെന്നും അതൊഴിവാക്കാന് കഴിയില്ലെന്നും ദുര്‍ഗ വ്യക്തമാക്കി.
ദുര്‍ഗ കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഉടല് വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെആക്ഷന് രംഗങ്ങളില്‍ അഭിനയിച്ചതിന്റെ ത്രില്ല് നാളുകള്‍ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങള്‍ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രന്‍സ് ചേട്ടന്റെ ക്യാരക്ടറിനെ ഞാന്‍ സിനിമയില്‍ ചാച്ചന് എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്.
ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു. ഞാന്‍ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുള്‍പ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്.
നമ്മള് പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാന്‍ സംവിധായകന് രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍പ്പിന്നെ അതൊഴിവാക്കാന് കഴിയില്ലല്ലൊ. കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അതറിയാമായിരുന്നു