ബിസ് ബോസ് സീസൺ 6 ലെ മികച്ച മത്സരാർഥിയായിരുന്നു മിനിസ്‌ക്രീൻ താരമായ അപ്‌സര. ബിഗ് ബോസ് വിജയിയെ തീരുമാനിക്കുന്നത് പുറത്തുള്ള ഒരു ടീമാണെന്നും എത്ര നന്നായി പെർഫോം ചെയ്തിട്ടും കാര്യമില്ലെന്നും അപ്‌സര ടെലിവിഷൻ ചാനലിനോട് പറഞ്ഞു. ബിഗ് ബോസിൽ പോയ ശേഷം തന്റെ ആദ്യ വിവാഹം, ജീവിതം, വ്യക്തിത്വം എന്നിവയെ പറ്റിയെല്ലാം വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വന്നതെന്ന് അപ്സര പറഞ്ഞു. ഇതിന് പിന്നിൽ ഒരു പിആർ ടീം ഉണ്ട്. ബിഗ് ബോസിൽ ആര് ജയിക്കണം, ആര് തോൽക്കണം, ആരെയൊക്കെ മോശമായി ചിത്രീകരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഈ പിആർ ടീം ആണെന്നും അവർ വ്യക്തമാക്കി.
'ബിഗ് ബോസ് ഫൈനലിൽ എത്തണമെന്ന് തന്നെയായിരുന്നു ആഗ്രഹം. നന്നായി ടാസ്‌കുകൾ ചെയ്ത പലരും പുറത്തായി. ഒന്നും ചെയ്യാതെ നിന്നവരാണ് ഇപ്പോൾ ബിഗ് ബോസ് വീടിനുള്ളിലുള്ളത്. എത്ര നല്ല കണ്ടസ്റ്റന്റായിരുന്നു ഗബ്രി. പക്ഷേ പുറത്തായത് കണ്ടില്ലേ. രണ്ടുപേർ ഒരുമിച്ച് ചെയ്ത തെറ്റിന് ഒരാളെ മാത്രം ശിക്ഷിക്കുന്നതെന്തിനാണ്. പുറകെ ഒരാൾക്ക് നടക്കാം, പക്ഷേ അടുപ്പത്തിലാവണമെങ്കിൽ രണ്ടുപേരും വിചാരിക്കണം. അവിടെ നിൽക്കുന്ന ആരും ജനുവിനല്ല. പലർക്കും ബിഗ് ബോസ് വീട്ടിൽ നിൽക്കണ്ട മടുത്തുഎന്ന് പറഞ്ഞവരാണ്. പക്ഷേ അവരെല്ലാം അവിടെ തന്നെയുണ്ട്. നിൽക്കാൻ ആഗ്രഹിച്ചവരെല്ലാം പുറത്താണ്', അപ്സര പറഞ്ഞു.
അപ്സരയ്ക്ക് പോസിറ്റീവ് റിവ്യൂ ലഭിച്ചെങ്കിലും മത്സരം പൂർത്തിയാക്കാതെ പുറത്തേക്ക് പോരേണ്ടതായി വന്നു. ശരിക്കും ടോപ് ഫൈവിൽ എത്തേണ്ട മത്സരാർഥിയായിരുന്നു നടി. എന്തുകൊണ്ട് അപ്സര പുറത്തായി എന്ന് ചോദിച്ചാൽ അത് തനിക്കും അറിയില്ലെന്നാണ് നടിയിപ്പോൾ പറയുന്നത്. 'ഒരിക്കലും താൻ പുറത്തേക്ക് പോകുമെന്ന് വിചാരിച്ചിരുന്നില്ല. ബിഗ് ബോസും അതിന്റെ അണിയറ പ്രവർത്തകരുമൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. അപ്പോൾ കരുതിയത് പ്രേക്ഷകരുടെ വോട്ട് കുറഞ്ഞതുകൊണ്ടായിരിക്കും പുറത്തായത് എന്നാണ്. എന്നാൽ പുറത്ത് വന്നതിന് ശേഷമാണ് പ്രേക്ഷകരുടെ പിന്തുണയെ പറ്റി ഞാൻ തിരിച്ചറിയുന്നത്', എന്നും അപ്സര ഇപ്പോൾ പറയുന്നു.
ആദ്യ ഭർത്താവ് തന്നെ പറ്റി വളരെ മോശമായ കാര്യങ്ങൾ പറഞ്ഞ് വന്നത് നെഗറ്റീവായി മാറിയോ എന്നതിനെ പറ്റിയും നടി പറയുന്നു. 'ഞാൻ ഇവിടെ ഇല്ലായിരുന്നു. ആ സമയത്ത് എന്നെ പറ്റി വേറൊരാൾ പറഞ്ഞതിന്റെ പേരിൽ ഞാൻ ആക്രമിക്കപ്പെട്ടു എന്ന് പറയുന്നത് ശരിയായി എനിക്ക് തോന്നുന്നില്ല. കാരണം എന്റെ ഭാഗത്ത് നിന്നു വന്നൊരു തെറ്റല്ല അത്. ഇതിനെ പറ്റി എവിടെയും ഞാൻ സംസാരിക്കുന്നില്ലെന്ന് നേരത്തെ തീരുമാനിച്ചതാണെന്നും' താരം പറയുന്നു.