ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം സിനിമ ആരാധകര്‍ ഒന്നടങ്കം ആകാംശയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാര്‍ 2. ജയിംസ് കാമറൂണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി, ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന വിതരണക്കാരുടെ നിലപാട് ആരാധകരെ ഏറെ കുഴപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ക്ക് കൂടുതല്‍ ആശ്വാസം പകരുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍. തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കും വിതരണക്കാരും തമ്മില്‍ ധാരണയില്‍ എത്തിയതിന് പിന്നാലെയാണ് ഇങ്ങനെയൊരു തീരുമാനം അറിയിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ടാഴ്ചയിലെ തിയേറ്റര്‍ വരുമാനത്തിന്റെ 55ശതമാനം വിതരണക്കാരും 45ശതമാനം തിയേറ്ററുടമകളും പങ്കിടാനാണ് ധാരണയില്‍ എത്തിയിരിക്കുന്നത്. ഈ രണ്ട് ആഴ്ചകള്‍ക്കു ശേഷമാകും പിന്നീട് തുല്യമായി വീതിക്കുക.
മുമ്പ് അറുപത് ശതമാനം വിഹിതം വേണമെന്ന നിലപാടാണ് വിതരണക്കാര്‍ എടുത്തിരുന്നത്. എന്നാല്‍ ഇതില്‍ അഭിപ്രായ വ്യത്യാസം നേരിട്ടതോടെയാണ് കേരളത്തില്‍ സിനിമ
പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക് തീരുമാനം എടുക്കുന്നത്. എന്നാല്‍ പ്രശ്നങ്ങള്‍ രമ്യതയിലെത്തുകയും ധാരണയിലാവുകയും ചെയ്ത സാഹചര്യത്തില്‍ സിനിമ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിക്കുകയായിരുന്നു.
ഡിസംബര്‍ 16ന് ചിത്രം ലോകമെങ്ങും പ്രദര്‍ശനത്തിനെത്തുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുളളത്. ഡിസ്‌നി കമ്പനിയിലൂടെയാണ് ചിത്രം കേരളത്തിലും വിതരണത്തിനെത്തുന്നത്. ആദ്യഭാഗം റിലീസ് ചെയ്ത് 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാം ഭാഗം പ്രദര്‍ശനത്തിനായി ഒരുങ്ങി തിയറ്ററിലേക്ക് എത്തുവാന്‍ ഒരുങ്ങുന്നത്. സാം വര്‍തിങ്ടണ്‍, സോ സല്‍ദാന, സ്റ്റീഫന്‍ ലാങ്, മാട്ട് ജെറാള്‍ഡ്, ക്ലിഫ് കര്‍ടിസ്, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കടലിനുള്ള ഒരു പ്രണയലേഖനമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം.
നീല മനുഷ്യര്‍ അധിവസിക്കുന്ന പാന്‍ഡോറ എന്ന ഗ്രഹത്തെക്കുറിച്ചാണ് 2009ല്‍ പുറത്തിറങ്ങിയ അവതാറില്‍ അവതരിപ്പിച്ചിരുന്നത്. 'നവി'യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂണ്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളോളം അഭിനേതാക്കളെ പരിശീലിപ്പിച്ചും സാങ്കേതിക ഗവേഷണം നടത്തിയതിനും ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാര്‍ 2ന്റെ ചിത്രീകരണം നടന്നത്. നീണ്ട 13 വര്‍ഷങ്ങള്‍ക്കു ശേഷമുളള അവതാര്‍ 2 ന്റെ വരവില്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍